വര്‍ഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ എത്തും; ഒടുവില്‍ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം: പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പൊക്കി കേരളാ പോലിസ്

ശബരിമലയിലെ കാണിക്കവഞ്ചി മോഷ്ടിച്ച പ്രതി പിടിയില്‍

Update: 2024-09-24 02:29 GMT

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതിയെ പമ്പാ പോലിസ് തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. തെങ്കാശി കീലസുരണ്ട സുരേഷ് (32) ആണ് പിടിയിലായത്. വര്‍ഷങ്ങളായി എല്ലാ മാസവും ശബരിമലയില്‍ എത്തുന്ന ഇയാള്‍ ചിങ്ങമാസ പൂജയ്ക്ക് ശബരിമലയില്‍ എത്തിയപ്പോഴാണ് മോഷണം നടത്തിയത്. ദേവസ്വം മഹാകാണിക്കയുടെ മുന്‍ഭാഗത്തുള്ള വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കുക ആയിരുന്നു. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നിരുന്ന ഓഗസ്റ്റ് 20-ന് ആയിരുന്നു സംഭവം.

മോഷണ ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നു. നട അടച്ചശേഷമാണ് മോഷണം നടന്ന വിവരം ദേവസ്വംബോര്‍ഡ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ പമ്പാ പോലിസില്‍ പരാതി നല്‍കി. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. സന്നിധാനത്തെയും പമ്പയിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. കന്നിമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്കുവന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചതിലൂടെ മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചു.

വര്‍ഷങ്ങളായി എല്ലാമാസവും ശബരിമലയില്‍ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് കന്നി മാസത്തില്‍ നടയില്‍ എത്തിയില്ല. ഇയാള്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണം പ്രതിസന്ധിയിലാക്കി. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തിരുനെല്‍വേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് തമിഴ്‌നാട്ടില്‍നിന്ന് പ്രതിയെ പിടികൂടിയത്.

റാന്നി ഡിവൈ.എസ്.പി. ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്.വിജയന്‍, എസ്.ഐ. കെ.വി. സജി, എസ്.സി.പി.ഒ.മാരായ സൂരജ് ആര്‍.കുറുപ്പ്, ഗിരിജേന്ദ്രന്‍, സി.പി.ഒ.മാരായ അനു എസ്.രവി, വി.എം. അനൂപ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News