പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍; കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല; അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കില്ലായിരുന്നു; രഞ്ജിത് കുമ്പിടിയെ പരിചയം ഇന്‍സ്റ്റാഗ്രാം വഴിയെന്നും മൊഴി; 'രാസലഹരി ഉപയോഗിക്കാറില്ല'; താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും തുറന്നു പറഞ്ഞ് വേടന്‍

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍

Update: 2025-04-29 08:19 GMT

കൊച്ചി: പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി നല്‍കിയിരിക്കുന്നത്. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടന്‍ മൊഴി നല്‍കിയിരിക്കുന്നത്.

പുലിപ്പല്ല് നല്‍കിയ ശ്രീലങ്കന്‍ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടിയെ കേന്ദ്രീകരിച്ചും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഒമ്പതു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം താന്‍ രാസലഹരി ഉപയോഗിക്കാറില്ലെന്ന് വേടന്‍ പറഞ്ഞു. തന്റെ കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്നും വേടന്‍ പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും വേടന്‍ പ്രതികരിച്ചു. ഇത് എല്ലാവര്‍ക്കുമറിയാമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പുലിപ്പല്ല് രൂപമാറ്റം വരുത്തിയ തൃശൂരിലെ ജ്വല്ലറിയിലും വേടന്റെ ഫ്ളാറ്റിലും പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. വേടന്റെ പക്കല്‍ നിന്ന് പുലിപ്പല്ല് പിടികൂടിയ സംഭവത്തില്‍ കുറച്ച് കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്ന് കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ അഥീഷ് പ്രതികരിച്ചു. വേടന് പുലിപ്പല്ല് നല്‍കിയ രഞ്ജിത്തിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമ്മാനമായി ലഭിക്കുമ്പോള്‍ ഇത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് വേടന് അറിയില്ലെന്നും അഥീഷ് കൂട്ടിച്ചേര്‍ത്തു. പ്രാഥമിക പരിശോധനയില്‍ യഥാര്‍ത്ഥ പുലിപ്പല്ലാണിതെന്ന് വനംവകുപ്പിന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. റിമാന്‍ഡിന് ശേഷം വേടനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് കസ്റ്റംസിന്റെ തീരുമാനം.

കഴിഞ്ഞ ദിവസമായിരുന്നു വേടന്റെ ഫ്ളാറ്റില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. വേടനെയും കൂടെയുണ്ടായിരുന്ന ഒമ്പത് പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെയാണ് വേടന്റെ കൈവശം പുലിപ്പല്ലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് കേസില്‍ ജാമ്യം ലഭിച്ചയുടനേ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വേടന്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പുലിപ്പല്ല് ആരാധകന്‍ നല്‍കിയതാണോ എന്നത് വേടന്‍ കോടതിയില്‍ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. വനംവകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.വേടന്‍, അറസ്റ്റില്‍, പുലിപ്പല്ല്

Tags:    

Similar News