മൂന്ന് മാസത്തിനുള്ളില്‍ യുകെയില്‍ ജോലി തരപ്പെടുത്താം; കാര്‍ത്തികാ പ്രദീപിന്റെ ഈ നമ്പരില്‍ വീണ് ലക്ഷങ്ങള്‍ പോയത് നിരവധിപേര്‍ക്ക്; 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമ ഒടുവില്‍ അറസ്റ്റില്‍; യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത് നൂറിലേറെ പേര്‍

യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞുള്ള തട്ടിപ്പിന് ഇരയായത് നൂറിലേറെ പേര്‍

Update: 2025-05-03 01:42 GMT

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. 'ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' ഉടമയാണ് കാര്‍ത്തിക പ്രദീപ്. യു കെ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി ഇത്തരത്തില്‍ കാര്‍ത്തികയ്ക്ക് എതിരെ പരാതി ലഭിച്ചതായി പൊലീസ് പറയുന്നു. ഇവര്‍ക്കെതിരെ 10 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുക്രെയ്നില്‍ ഡോക്ടര്‍ എന്ന് പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ഇവര്‍ ഡോക്ടറാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. കോഴിക്കോട് നിന്നാണ് യുവതി അറസ്റ്റിലായത്.

നൂറിലേറെ പേരാണ് തട്ടിപ്പിനിരയായത്. യുക്രെയ്ന്‍, ഓസ്ട്രേലിയ, ജര്‍മനി, യുകെ തുടങ്ങിയ പല രാജ്യങ്ങളിലേക്കും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയും ഫ്ളക്സ് ബോര്‍ഡുകളിലും നല്‍കിയിരുന്നു. ഉദ്യോഗാര്‍ഥികളില്‍ നിന്ന് മൂന്നു മുതല്‍ എട്ട് ലക്ഷം രൂപ വരെ തട്ടിയെന്നാണ് വിവരം. കൊച്ചിയില്‍ തന്നെ നിരവധി പരാതികളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്.

പല സ്റ്റേഷനുകളില്‍ കാര്‍ത്തികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെ പ്രതി ഭീഷണിപ്പെടുത്തിയതായും തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ടേക്ക് ഓഫിനെതിരെ പരാതിയുണ്ട്. 12 പരാതികളില്‍ കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ കാര്‍ത്തിക പ്രദീപിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ നോര്‍ക്ക നിര്‍ദേശം നല്‍കി.

വടകര പൊലീസിനോടാണ് നോര്‍ക്ക എന്‍ആര്‍ഐ സെല്‍ എസ്പി നിര്‍ദേശം നല്‍കിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. കേസില്‍ നോര്‍ക്കയും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള വിസ, റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയാനായി കേരളം ആരംഭിച്ച ഓപ്പറേഷന്‍ ശുഭയാത്രയില്‍ ഉള്‍പെടുത്തിയാണ് അന്വേഷണം. എസ്പി എന്‍ആര്‍ഐ സെല്ലാണ് അന്വേഷണ ചുമതല. ഇതോടെയാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്.

ലക്ഷങ്ങളാണ് ഓരോ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയത്. എന്നാല്‍ പറഞ്ഞ സമയത്ത് വിസയോ, ജോലിയോ തരപ്പെടുത്തി നല്‍കാതെയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. തിരുവനന്തപുരം കാര്യവട്ടം സീതാ നിലയത്തില്‍ പ്രവീണിന്റെ പരാതിയില്‍ 3 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കാര്‍ത്തികയാണ് കേസിലെ ഒന്നാം പ്രതി. ഗായത്രി സജീവ്, കെസിയ പ്രദീപ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. 325000 ലക്ഷം രൂപയാണ് ജോലി വിദേശത്ത് ജോലി വാഗ്ദാനം കാര്‍ത്തിക പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയത്. 2024 ഏപ്രിലിലാണ് വിദേശത്ത് ജോലിക്കായി വിസ തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം നല്‍കി പണം കൈപ്പറ്റുന്നത്. എന്നാല്‍ 6 മാസം കഴിഞ്ഞിട്ടും പരാതിക്കാരന് വിസ നല്‍കാന്‍ കഴിഞ്ഞില്ല.

ജോലി തരപ്പെടുത്തി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ 100 ദിവസത്തിനുള്ളില്‍ പണം തിരികെ നല്‍കുമെന്ന കരാറുമുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞ് പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രവീണ്‍ പോലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. 2021 മുതല്‍ പ്രതി കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടുന്നതായാണ് സൂചന. യു കെയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ത്ഥികള്‍ നിന്നും പണം കൈപ്പറ്റിയിരുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസും കാര്‍ത്തിക പ്രദീപിനെതിരെ സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

തൃശൂര്‍ കരളം പുത്തന്‍ വീട്ടില്‍ അപര്‍ണ രഘു നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അപര്‍ണയുടെ പരാതിയില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്‌റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പല തവണകളായാണ് പ്രതി അപര്‍ണയുടെ കയ്യില്‍ നിന്നും പണം കൈപ്പറ്റുന്നത്. യു കെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി തരപ്പെടുത്തിയ നല്‍കാമെന്ന് പറഞ്ഞ് 5,23,000 രൂപയാണ് തട്ടിയത്.

പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പ്രതി ഭീഷണിപ്പെടുത്തിയതായും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ തന്റെ കയ്യിലാണെന്നും, ഈ രേഖകള്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ കൊണ്ട് പോയി ഹാജരാക്കി ഉദ്യോഗാര്‍ഥികളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും കാര്‍ത്തിക ഭീഷണിപ്പെടുത്തി. അങ്ങനെ വന്നാല്‍ ഇനി ഒരിക്കലും വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും പ്രതി പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായവര്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ആയ സമ്മര്‍ദ്ദത്തില്‍ പലരുടെയും രേഖകള്‍ കാര്‍ത്തിക തിരികെ നല്‍കി. എന്നാല്‍ വിദേശത്ത് ജോലിയെന്ന സ്വപ്നവുമായി പണം നല്‍കിയവര്‍ വലിയ തട്ടിപ്പിലാണ് ചെന്ന് പെട്ടത്.

Tags:    

Similar News