വെട്ടൂരിലെ ആയുര്‍വേദ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കാണാതായത് മൂന്നു വര്‍ഷം മുന്‍പ്; സൈബര്‍ സെല്‍ അന്വേഷണത്തില്‍ കണ്ടത് ഹൈദരാബാദിലുണ്ടെന്ന്; ചെന്നപ്പോള്‍ താമസം ജോലി തട്ടിപ്പിലെ പ്രതിക്കൊപ്പം; വീട്ടമ്മയെ തിരികെ എത്തിച്ച് മലയാലപ്പുഴ പോലീസ്; തട്ടിപ്പുകാരന്‍ ജയിലിലും
കാണാതായ വീട്ടമ്മയെ തിരികെ എത്തിച്ച് മലയാലപ്പുഴ പോലീസ്
കോന്നി: മൂന്നുവര്‍ഷം മുന്‍പ് കാണാതായ വീട്ടമ്മയെ ജോലി തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദില്‍ നിന്നും മലയാലപ്പുഴ പോലീസ് കണ്ടെത്തി. വെട്ടൂര്‍ സ്വദേശിനി(52) യെയാണ് പ്രമാടം അബിത് ഭവനില്‍ അജയകുമാറി (54) നോടാപ്പം കണ്ടെത്തിയത്. 2023 ലാണ് വീട്ടമ്മയെ കാണാനില്ലെന്ന് ഭര്‍ത്താവ് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വെട്ടൂരുളള ആയൂര്‍വേദ ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ വീടു വിട്ടത്. തിരികെ എത്താതെ വന്നപ്പോഴാണ് ഭര്‍ത്താവ് പരാതി നല്‍കിയത്. എസ്.ഐ ആയിരുന്ന വി.എസ്. കിരണ്‍ രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസില്‍ എസ്.എച്ച്.ഓ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇവര്‍ഹൈദരാബാദില്‍ ഉളളതായി സൂചന ലഭിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി എസ്. ന്യുമാന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം ഹൈദരാബാദിലെത്തി.
പത്തനംതിട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രീന്‍ ജോബ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയായ അജയകുമാര്‍ കുവൈറ്റില്‍ ജോലി ശരിയാക്കി കൊടുക്കാമെന്നും മലേഷ്യയില്‍ ജോലിക്ക് വര്‍ക്ക് പെര്‍മിറ്റ് ശരിയാക്കി കൊടുക്കാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചു നൂറനാട് സ്വദേശിയില്‍ നിന്നും 1.30 ലക്ഷം രൂപയും സിംഗപ്പൂരില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്്ത് റാന്നി ഇടക്കുളം സ്വദേശിയില്‍ നിന്നും 1.10 ലക്ഷം രൂപയും വാങ്ങിയിരുന്നു. 2023 ല്‍ പത്തനംതിട്ട പോലീസ് ഇതു സംബന്ധിച്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസ് എടുത്ത വിവരം അറിഞ്ഞ് അജയകുമാര്‍ ഒളിവില്‍ പോയി. ഇയാളെ കോടതിയില്‍ ഹാജരാക്കി. വീട്ടമ്മയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അന്വേഷണസംഘത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായഅനൂപ്, അരുണ്‍,സജിന എന്നിവരും ഉണ്ടായിരുന്നു.