എത്ര വിളിച്ചിട്ടും...വാതിൽ തുറക്കുന്നില്ല; സ്ഥലത്ത് പോലീസ് അടക്കം പാഞ്ഞെത്തി; ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ടുള്ള പ്രയോഗത്തിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; എല്ലാത്തിനും കാരണം വീട്ടുടമസ്ഥനെന്ന് നാട്ടുകാർ
കൽകാജി: ഡൽഹിയിലെ കൽകാജിയിൽ വാടകവീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക ബാധ്യതകളും വാടക തർക്കങ്ങളും കാരണം കടുത്ത വിഷാദത്തിലായിരുന്ന കുടുംബം കൂട്ടായി ജീവനൊടുക്കുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് കൽകാജിയിലെ വീട്ടിൽ 52 വയസുകാരിയായ അനുരാധ കപൂർ, മക്കളായ ആശിഷ് കപൂർ (27), ചൈതന്യ കപൂർ (32) എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോടതി ഉത്തരവ് നടപ്പാക്കാനായാണ് തെക്ക് കിഴക്കൻ ദില്ലിയിലുള്ള ഈ വീട്ടിലേക്ക് ലീഗൽ ഓഫീസറും പൊലീസ് ഉദ്യോഗസ്ഥരും എത്തിയത്.
പൊലീസ് സംഘമെത്തുമ്പോൾ വീട് അകത്തുനിന്ന് അടച്ചിട്ട നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൂവരെയും കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അതിജീവിക്കാൻ കഴിയാത്തതാണ് ഈ കടുംകൈയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ വർഷമാണ് അനുരാധ കപൂറിന്റെ ഭർത്താവ് മരണപ്പെട്ടത്. കെട്ടിടനിർമ്മാണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കുടുംബത്തിന് വലിയ കടബാധ്യതകൾ ഉണ്ടാക്കിവെച്ചിരുന്നു. മരിച്ച രണ്ട് മക്കൾക്കും ജോലിയുണ്ടായിരുന്നില്ല. കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്ന ഇവർ കഴിഞ്ഞ മാസം ആത്മഹത്യാശ്രമം നടത്തിയിരുന്നതായും പൊലീസ് വിശദമാക്കുന്നുണ്ട്.
ഈ കുടുംബം 2023 ഡിസംബറിലാണ് ഈ വീടിന്റെ മൂന്നാം നില 40,000 രൂപ മാസവാടകയ്ക്ക് എടുത്തത്. എന്നാൽ, ഇവർ രണ്ട് വർഷത്തോളമായി വാടക നൽകിയിരുന്നില്ലെന്ന് വീട്ടുടമ ആരോപിച്ചിരുന്നു. സ്ഥിരമായി വാടക മുടങ്ങുകയും വാടകക്കാരുമായി തർക്കം പതിവാകുകയും ചെയ്തതോടെയാണ് വീട്ടുടമ കോടതിയെ സമീപിച്ചത്. ഭർത്താവ് മരിച്ചതിന് പിന്നാലെയാണ് വീട്ടുടമ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
