വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ 23കാരിയെ ആക്രമിച്ച് ഫോൺ തട്ടിയെടുത്തു; പിന്തുടർന്ന ആൺസുഹൃത്തിനെ മർദ്ദിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി; ടയർ ചെളിയിൽ താഴ്ന്ന് വാഹനം വഴിലായതോടെ നിലവിളി; യുവതിയെ രക്ഷിച്ച് പൊലീസ്

Update: 2026-01-27 02:43 GMT

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 23 വയസ്സുള്ള യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തട്ടിക്കൊണ്ടുപോകലിന് ഇരയായ യുവതിയെ രക്ഷപ്പെടുത്താനും സാധിച്ചു. ഗൗരവ് ഭാട്ടി എന്നയാളാണ് പൊലീസ് പിടിയിലായത്. ഞായറാഴ്ചയാണ് സംഭവം.

ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് യുവതി സുഹൃത്തിനൊപ്പം കാറിൽ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. പുലർച്ചെ 3 മണിയോടെ പ്രദേശത്തെ ഭക്ഷണ വിൽപനക്കാരനായ ഗൗരവ് ഭാട്ടി ഇവരെ ആക്രമിക്കാൻ ശ്രമിച്ചു. യുവതിയുടെ ഫോൺ തട്ടിയെടുത്ത ശേഷം ഭാട്ടി സ്വന്തം വാഹനത്തിലേക്ക് പോവുകയായിരുന്നു. ഫോൺ തിരികെ വാങ്ങാനായി പിന്തുടർന്നെത്തിയ യുവതിയുടെ സുഹൃത്തിനെ മർദിച്ചശേഷം, യുവതിയെ വാഹനത്തിനുള്ളിലേക്ക് വലിച്ചിട്ട് ഭാട്ടി കടന്നുകളഞ്ഞു.

സുഹൃത്ത് വിവരമറിയിച്ചതിനെത്തുടർന്ന് ഗുരുഗ്രാം പൊലീസ് ഉടനടി അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്ന് വാഹനത്തിന്റെ ദിശ മനസ്സിലാക്കിയ പൊലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ തുടങ്ങി. ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെയായിരുന്നു പ്രതി വാഹനം ഓടിച്ചിരുന്നത്. എന്നാൽ ചെളി നിറഞ്ഞ ഒരു പ്രദേശത്തെത്തിയപ്പോൾ ടയർ താഴ്ന്നുപോയതിനെ തുടർന്ന് വാഹനം നിശ്ചലമായി.

യുവതിയുടെ നിലവിളി കേട്ടതോടെ ഗൗരവ് ഭാട്ടി വാഹനത്തിൽനിന്ന് ഇറങ്ങിയോടി. വിവരമറിഞ്ഞെത്തിയ പൊലീസ് യുവതിയെ രക്ഷപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗൗരവ് ഭാട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങുന്നതിനായി സുഹൃത്ത് നൽകിയ വാഹനമാണ് ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Similar News