എസ് ശ്രീജിത്ത് നല്‍കിയ പരാതിയില്‍ കെ എം ഷാജഹാന്റെ വീട്ടില്‍ പോലീസ് പരിശോധന; കോടതിയുടെ സേര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം; പരിശോധന നടക്കുന്നത് ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്ത്
എസ് ശ്രീജിത്ത് നല്‍കിയ പരാതിയില്‍ കെ എം ഷാജഹാന്റെ വീട്ടില്‍ പോലീസ് പരിശോധന
തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശകനായ കെ എം ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന നടക്കുന്നു. ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പോലീസ് എത്തി പരിശോധന നടത്തുന്നത്. പൊലീസ് സംഘം എത്തിയപ്പോള്‍ വീട്ടില്‍ ജോലിക്കുള്ള സ്ത്രീ തടഞ്ഞുവെങ്കിലും പൊലീസ് അകത്ത് കടക്കുകയായിരുന്നു.
കോടതിയുടെ സേര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഷാജഹാന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പര്‍ദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ശബരിമല സ്വര്‍ണപ്പാളിയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്. ശ്രീജിത്തിനും പൊലീസ് സേനക്കും ബന്ധമുണ്ടെന്ന് ആരോപിച്ച് തന്റെ യുട്യൂബ് ചാനല്‍ വഴി കെ.എം.ഷാജഹാന്‍ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 23 വരെയുള്ള ദിവസങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്നാണ് ശ്രീജിത്ത് പരാതി നല്‍കിയത്.
കളവായ പ്രസ്താവന നടത്തി സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഷാജഹാന്റെ ഭാഗത്തുനിന്നുണ്ടായെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുക, പൊതു സമാധാനം തകര്‍ക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.