വിശാലമായ ഗോഡൗണ്‍, എത്തുന്നത് മിനറല്‍ വാട്ടറും ബിസ്‌കറ്റും; പരിശോധനയില്‍ പിടിച്ചത് നാല് കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നം; ലഹരിവസ്തുക്കള്‍ എത്തിക്കുന്നത് ബംഗളൂരുവില്‍ നിന്നുള്ള മാഫിയ സംഘങ്ങള്‍; വഞ്ചിയൂര്‍ സ്വദേശി പിടിയില്‍; വന്‍ സംഘത്തെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ്
തിരുവനന്തപുരം: മിനറല്‍ വാട്ടറിന്റെ കച്ചവടത്തിന്റെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നം വില്‍പ്പന നടത്തിയ വഞ്ചിയൂര്‍ സ്വദേശി ഷിജു പോലീസ് പിടിയില്‍. മിനറല്‍ വാട്ടറിന്റെ കച്ചവടത്തിനെന്ന പേരില്‍ ഗോഡtuണ്‍ എടുത്ത് അവിടെ നിരോധിത പുകയില ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. നാല് കോടിയുടെ നിരോധിത പകുയില ഉല്‍പ്പന്നങ്ങളാണ് പോലീസ് ഷിജുവിന്റെ അഴൂര്‍ തെറ്റിച്ചിറയിലെ ഗോഡൗണില്‍ നിന്ന് പിടികൂടിയത്.
ബംഗളൂരു കേന്ദ്രീകരിച്ചുള്ള മാഫിയ സംഘമാണ് ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതിന് പിന്നില്‍. എട്ടുമാസം മുമ്പാണ് വഞ്ചിയൂര്‍ സ്വദേശി ഷിജുവിന്റെ പേരില്‍ ഗോഡൗണ്‍ വാടക്കെടുത്തത്. നാട്ടുകാരുടെയും യൂണിയന്‍കാരുടെയും ശ്രദ്ധ തെറ്റിക്കാനാണ് മിനറല്‍ വാട്ടറിന്റെയും ബിസ്‌ക്കറ്റിന്റെയും ലോഡ് ഇറക്കിയത്. യൂണിയന്‍കാരുടെയും നാട്ടുകാരുടെയും ശ്രദ്ധ കുറഞ്ഞു തുടങ്ങിയതോടെ മിനറല്‍ വാട്ടറിന്റെ മറവില്‍ നിരോധിത ഉള്‍പ്പന്നങ്ങള്‍ കടത്തികൊണ്ടുവന്നു. കര്‍ണാടകയില്‍ നിന്നും കടത്തികൊണ്ടുവരുന്ന നിരോധിത ഉല്‍പ്പന്നങ്ങള്‍ ഗോഡൗണില്‍ ശേഖരിച്ച് പല സ്ഥലങ്ങളിലായി വില്‍പന തുടങ്ങി.
തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് വില്‍പ്പന. സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി റൂറല്‍ ഷാഡോ സംഘം ഈ ഗോഡൗണ്‍ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഗോഡൗണില്‍ പോലീസ് പരിശോധന നടത്തിയത്. 200 ചാക്കുകളിലായാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഗോഡൗണില്‍ നിന്നും കടകളിലേക്ക് ഉല്‍പ്പന്നങ്ങളെത്തിക്കാനും ഏജന്റുമാര്‍ ഉണ്ടായിരുന്നു. ഗോഡൗണ്‍ വാടകക്കെടുത്ത ഷിജു മാത്രമാണ് പിടിയിലായത്. ഇതിന് പിന്നിലെ വന്‍ സംഘത്തെ ഇനിയും പിടികൂടാനുണ്ട്. റൂറല്‍ എസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചിറയിന്‍കീഴ് പോലീസാണ് കേസെടുത്തത്.