അഞ്ച് മാസം ഗർഭിണിയായ യുവതി; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ദുരൂഹത വർധിപ്പിച്ച് കൈയ്യിലെ പാസ്പോർട്ട്; ആ 25-കാരിയെ തിരഞ്ഞ് മുംബൈ പോലീസ്
മുംബൈ: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് വ്യാജ ഇന്ത്യൻ പാസ്പോർട്ടിൽ ഇവിടെ തുടർന്നിരുന്ന അഞ്ചുമാസം ഗർഭിണിയായ ബംഗ്ലാദേശ് യുവതി മുംബൈ ജെ.ജെ. ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടതായി വിവരങ്ങൾ. റുബിന ഇർഷാദ് ഷെയ്ഖ് (25) എന്ന യുവതിയാണ് ഓഗസ്റ്റ് 14-ന് രാത്രി ആശുപത്രിയിലെ തിരക്കിലേക്ക് ഓടിമറഞ്ഞത്. ഇവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനെ തള്ളിയിട്ടാണ് യുവതി രക്ഷപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഓഗസ്റ്റ് 7-ന് മുംബൈയിലെ വാഷിയിൽ നിന്നാണ് റുബിനയെ പൊലീസ് പിടികൂടിയത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വന്തമാക്കിയ ഇന്ത്യൻ പാസ്പോർട്ട് ഇവരുടെ കൈവശം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമം, പാസ്പോർട്ട് നിയമം, വിദേശികൾക്കുള്ള നിയമം എന്നിവ പ്രകാരം ഇവർക്കെതിരെ കേസെടുത്ത് മുംബൈ ബൈക്കുള വനിതാ ജയിലിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് ഓഗസ്റ്റ് 11-ന് പനി, ജലദോഷം, ത്വക് രോഗം എന്നിവയെത്തുടർന്നാണ് ഇവരെ ജെ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നാടകീയമായി ഇവർ രക്ഷപ്പെട്ടത്.
സംഭവത്തിൽ യുവതിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. കാണാതായ യുവതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.