സ്ഥാപന ഉടമയുടെ ഫോണിൽ നിന്നും സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി; പത്ത് ലക്ഷം രൂപ നല്കണമെന്ന് ഭീഷണി; പോലീസിൽ പരാതി നൽകിയിട്ടും നടപടി വൈകി; വീഡിയോ സുഹൃത്തുക്കളുടെ ഫോണിലേക്കും എത്തി; ആശങ്കയോടെ ദമ്പതികൾ
തിരുവനന്തപുരം: വെള്ളറടയിൽ സ്ഥാപന ഉടമയുടെ ഫോണിൽ നിന്നും സ്വകാര്യ ദൃശ്യങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട പരാതിയിൽ എങ്ങും എത്താതെ അന്വേഷണം. സ്ഥാപനത്തിലെ ഡ്രൈവർമാർക്കെതിരെയാണ് ഉടമയുടേയും ഭാര്യയുടേയും പരാതിയിൽ പോലീസ് കേസെടുത്തത്. എന്നാൽ ഇതേവരെ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസിനായിട്ടില്ല. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് വിദേശത്തുനിന്നുമാണ് ഫോണ്‍ കോള്‍ എത്തിയത്. ഇതിനുശേഷമാണ് ജീവനക്കാരുടെ ചതിയെക്കുറിച്ച് പരാതിക്കാരായ ദമ്പതികൾ അറിഞ്ഞത്.
വാഹന ബുക്കിംഗിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്ഥാപന ഉടമയുടെ ഫോണ്‍ ഡ്രൈവർമാർ പലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനിടെ സ്വകാര്യ ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തി. ഇതോടെ പ്രതികൾ ദമ്പതികളെ ഭീക്ഷണിപ്പെടുത്താൻ ആരംഭിക്കുകയായിരുന്നു. വിദേശത്ത് നിന്ന് ഭീഷണിയുമായി ഫോൺ കോൾ എത്തിയപ്പോഴാണ് ദൃശ്യങ്ങൾ ചോർന്ന വിവരം ദമ്പതികൾ അറിയുന്നത്.
ഫോൺ കോളിലൂടെ ഇവരുടെ സ്വകാര്യ വീഡിയോ കൈവശം ഉണ്ടെന്നും പത്ത് ലക്ഷം രൂപ തരാത്ത പക്ഷം വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീക്ഷണിപ്പെടുത്തി. തുടർന്ന് ഇവർ വെള്ളറട പോലീസിനെ സമീപിക്കുകയായിരുന്നു. ശേഷം ദമ്പതികൾ പരാതി നൽകുകയും ചെയ്തു. പിന്നീട് കുറച്ചു നാളത്തേക്ക് ശല്യമുണ്ടായിരുന്നില്ല.
എല്ലാം അവസാനിച്ചെന്നു ആശ്വസിച്ചിരിക്കവെയാണ് കഴിഞ്ഞ ദിവസം വീഡിയോ ദമ്പതികളുടെ സുഹൃത്തുക്കളുടെ ഫോണിലേക്കും എത്തിയത്. ഇതോടെ ഇവർ ആശങ്കയിലായി. പോലീസ് നടപടി വൈകുന്നത് മനസ്സിലാക്കിയതോടെ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിരിക്കുകയായിരുന്നു ദമ്പതികൾ.
പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതേവരെ വെളളറട പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതി. ചില പരിശോധന റിപ്പോർട്ടുകള്‍ വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് നടപടി വൈകുന്നതിനിടെ ദൃശ്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കുമോയെന്ന ആശങ്കയിലാണ് പരാതിക്കാർ.