കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുകുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി; കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലയില്‍ ബിജെപി നേതാവായ ഭാര്യയെ ചോദ്യം ചെയ്യും; വാട്‌സാപ്പ് ചാറ്റുകള്‍ ശേഖരിച്ച് പോലീസ്; ആ തോക്ക് സൂക്ഷിച്ച പമ്പു ഹൗസ് മിനിയുടെ വീടിന് തൊട്ടടുത്ത്; 'അലുമിനി കൊലയില്‍' കൂടുതല്‍ പ്രതികള്‍?

Update: 2025-03-23 02:07 GMT

കണ്ണൂര്‍ : കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകക്കേസില്‍ ഭാര്യയും ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെ എന്ന മിനി രാധാകൃഷ്ണനെ അന്വേഷക സംഘം ചോദ്യംചെയ്യും. വ്യാഴം രാത്രി ഏഴിനാണ് മാതമംഗലം പുനിയങ്കോട് വടക്കേടത്തുവീട്ടില്‍ രാധാകൃഷ്ണനെ പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷ് വെടിവച്ചുകൊന്നത്. സന്തോഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സന്തോഷും മിനിയും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് വിവരങ്ങളും മറ്റും പൊലീസ് ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്.

അമ്മയുമായുള്ള സൗഹൃദം തുടരാന്‍ അനുവദിക്കാത്തതിലെ വിരോധംമൂലമാണ് സന്തോഷ് അച്ഛനെ കൊന്നതെന്ന, രാധാകൃഷ്ണന്റെ മകന്റെ മൊഴിയില്‍ പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണന്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണ് കൊല നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു. മിനി നമ്പ്യാരും അമ്മയും താമസിക്കുന്ന വീടിന്റെ പമ്പ്ഹൗസില്‍നിന്നാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തത്. കൊല നടന്ന വീട്ടില്‍നിന്ന് നൂറുമീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളൂ. ഇതും ദുരൂഹത കൂട്ടുന്നു. കൊലയ്ക്ക് ശേഷം സന്തോഷും മിനിയും ആശയ വിനിമയം നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട് പോലീസ്.

വ്യാഴാഴ്ചയാണ് രാധാകൃഷ്ണന്റെ മാതമംഗലത്തെ വീട്ടില്‍നിന്ന് മിനി ഇവിടെയെത്തിയത്. വെടിയൊച്ച കേട്ടിട്ടും ഇവര്‍ കൊല നടന്ന വീട്ടിലേക്ക് വന്നില്ല. വ്യാഴാഴ്ച രാവിലെ സന്തോഷും മിനിയും തമ്മില്‍ കണ്ടതായി പൊലീസിന് വിവരംലഭിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ രാധാകൃഷ്ണന്‍ എതിര്‍ത്തിരുന്നു. തന്നെ ഭീഷണിപ്പെടുത്തിയെന്ന രാധാകൃഷ്ണന്റെ പരാതിയില്‍ സന്തോഷിനെ പരിയാരം പൊലീസ് താക്കീത് ചെയ്തിരുന്നു. മിനി കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുകുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു. 3327 വോട്ടാണ് മൂന്നാം സ്ഥാനത്ത് എത്തിയ മിനിക്ക് കിട്ടിയത്. മിനി രാധാകൃഷ്ണന്‍ എന്ന പേരിലായിരുന്നു മത്സരിച്ചത്.

രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യ മിനിയുമായുള്ള പ്രതിയായ പെരുമ്പടവ് സ്വദേശി എന്‍.കെ. സന്തോഷിന്റെ സൗഹൃദം തകര്‍ന്നതിന്റെ പകയിലാണെന്ന് എഫ്.ഐ.ആര്‍ വിശദീകരിച്ചിരുന്നു. അടുത്തകാലത്ത് ഇവര്‍ അടുത്തത് രാധാകൃഷ്ണന്‍ ചോദ്യം ചെയ്യുകയും ബന്ധത്തിന് തടസ്സം നില്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റ പേരില്‍ സന്തോഷ് നേരത്തെയും രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയ കൊലവിളിക്കു ശേഷമായിരുന്നു അക്രമം. ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം. ഇവിടെ പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടന്‍ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

കൊലപാതകത്തിന് തലേ ദിവസം വൈകിട്ട് 4.23ന് സന്തോഷ് തോക്കേന്തി നില്‍ക്കുന്ന ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക്. കൊള്ളിക്കും എന്നത് ഉറപ്പ് എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. 7.27നായിരുന്ന അടുത്ത പോസ്റ്റ്. ''എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷേ എന്റെ പെണ്ണ്. നിനക്ക് മാപ്പില്ല'' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. സംഭവ ദിവസം രാവിലെ 9.52ന് മറ്റൊരു പോസ്റ്റും ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

രണ്ടുമാസം മുന്‍പ് സന്തോഷിനെതിരെ രാധാകൃഷ്ണന്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നു പലപ്പോഴും രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.

രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ വിനോദയാത്ര പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സന്തോഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Tags:    

Similar News