പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലെ വിനോദയാത്രയില്‍ സന്തോഷുമായി കൈകോര്‍ത്ത ഫോട്ടോ മിനി നമ്പ്യാര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ തുടങ്ങിയ വൈരാഗ്യം; ബിജെപി നേതൃത്വം ഇടപെട്ടിട്ടും പ്രശ്‌നം തീര്‍ന്നില്ല; വധഗൂഢാലോചനയില്‍ ഭാര്യ കുടുങ്ങിയത് ശാസ്ത്രീയ പരിശോധനയില്‍; മിനിയെ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പരിയാരം പോലീസ്
മിനിയെ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പരിയാരം പോലീസ്
കണ്ണൂര്‍: അന്വേഷണത്തിലെ ശാസ്ത്രീയ വഴികളില്‍ പോലീസ് നീങ്ങിയപ്പോഴാണ് മാതമംഗലം കൈതപ്രത്തെ കെ.കെ.രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റിലാകുന്നത്. കേസിലെ ഒന്നാം പ്രതി സന്തോഷിനെ കൊലപാതകത്തിലെ ഗൂഢാലോചനയില്‍ മിനിയും പങ്കാളിയായി എന്നതാണ് പോലീസ്് അന്വേഷണത്തിലെ കണ്ടെത്തല്‍. കേസില്‍ പുനിയങ്കോട് സ്വദേശിനി മിനി നമ്പ്യാരെ പ്രതി ചേര്‍ക്കപ്പെട്ടത് പൊലിസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍.
ഗൂഡാലോചന കേസില്‍ മിനി നമ്പ്യാരും അറസ്റ്റിലായതോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പരിയാരം പൊലീസ്. ഒന്നാംപ്രതി എന്‍.കെ.സന്തോഷുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വാട്സ്ആപ്പ് ചാറ്റുകളും കൊലപാതകത്തിന്റെ ഗൂഡാലോചനകളില്‍ മിനി നമ്പ്യാര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്നാണ് പൊലിസിന്റെ നിഗമനം.
കെ. കെ രാധാകൃഷ്ണന്‍ വെടിയേറ്റ് മരിക്കുന്നതിന് അരമണിക്കൂര്‍ മുമ്പും അതിന് ശേഷവും സന്തോഷുമായി മിനി നമ്പ്യാര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ശാസ്ത്രീയമായ അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി കൊലപാതകത്തില്‍ ഇവരുടെ പങ്ക് ഉറപ്പിച്ച ശേഷമാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടോടെ മിനി നമ്പ്യാരെ ചോദ്യം ചെയ്യാനായി പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ശേഷം രണ്ടരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ മൂന്നാംപ്രതിയാണ് മിനി നമ്പ്യാര്‍.
വെടിവെക്കാന്‍ തോക്ക് നല്‍കിയ പെരുമ്പടവ് സ്വദേശി സിജോ ജോസഫാണ് കേസിലെ രണ്ടാം പ്രതി. മിനി നമ്പ്യാരുടെയും സന്തോഷിന്റെയും വാട്സ്ആപ്പ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് ഗൂഡാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തിയത്. കഴിഞ്ഞമാര്‍ച്ച്-20 നാണ് രാധാകൃഷ്ണന്‍ കൈതപ്രത്ത് പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. അറസ്റ്റിന് ശേഷം വൈകുന്നേരം തന്നെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ മിനി നമ്പ്യാരെ റിമാന്‍ഡ് ചെയ്തു.
ബി.ജെ.പി പ്രാദേശിക നേതാവാണ് ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറായ കെ.കെ. രാധാകൃഷ്ണന്‍. ബി.ജെ.പി മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമാണ് മിനി നമ്പ്യാര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രതിയായ എന്‍.കെ സന്തോഷും മിനി നമ്പ്യാരും സൗഹൃദത്തിലാകുന്നത്. ഈ ബന്ധം ക്രമേണെ വഴിവിട്ട രീതിയില്‍ വളരുകയായിരുന്നു. സഹപാഠിയാണെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് സന്തോഷിനെ മിനി നമ്പ്യാര്‍ ഭര്‍ത്താവിനും മുതിര്‍ന്ന രണ്ട് മക്കള്‍ക്കും പരിചയപ്പെടുത്തിയത്. മിനിയുടെ അമ്മയ്ക്കായി നിര്‍മ്മിക്കുന്ന പുതിയ വീടിന്റെ നിര്‍മാണ വേളയില്‍ സഹായങ്ങളുമായി സന്തോഷുമെത്തി.
തുടക്കത്തില്‍ ഇവരുടെ ബന്ധത്തില്‍ കെ.കെ. രാധാകൃഷ്ണന് സംശയമൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ കണ്ണൂരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ പേരില്‍ വിനോദയാത്രയ്ക്ക് പോയ ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ മിനി നമ്പ്യാര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചത് ഭര്‍ത്താവായ കെ.കെ. രാധാകൃഷ്ണനെ പ്രകോപിപ്പിച്ചു. ഇതോടെയാണ് ഭാര്യയുടെ സൗഹ്യദം കുടുംബാന്തരീക്ഷത്തെ തകര്‍ക്കുകയും ചെയ്തത്. ബി.ജെ.പി നേതൃത്വത്തോട് പരാതിപ്പെട്ട കെ.കെ. രാധാകൃഷ്ണന്റെ അഭ്യര്‍ത്ഥനപ്രകാരം ജില്ലാ നേതാക്കള്‍ ഈ ബന്ധം തുടരുതെന്ന് ഇരുവരെയും വിളിച്ചു മുന്നറിയിപ്പു നല്‍കിയെങ്കിലും അനുസരിക്കാന്‍ തയ്യാറായില്ല.
ഏറ്റവും ഒടുവില്‍ സന്തോഷുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തു രാധാകൃഷ്ണന്‍ മിനിയെ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവം മിനി നമ്പ്യാര്‍ കരഞ്ഞു കൊണ്ടു സന്തോഷിനെ ഫോണില്‍ വിളിച്ചറിയുകയും തന്റെ പെണ്ണിനെ തൊടരുതെന്ന് പറഞ്ഞതല്ലേയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പും തോക്കേന്തിയ ചിത്രവുമായി പോസ്റ്റ് ചെയ്ത സന്തോഷ് പ്രതികാരത്തിനിറങ്ങുകയായിരുന്നു. അന്ന് വൈകുന്നേരമാണ് ഇയാള്‍ തോക്കുമായി കൈതപ്രത്തെ നിര്‍മ്മാണം നടക്കുന്ന വീട്ടിലെത്തി രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലുന്നത്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്ന പഞ്ചായത്ത് സ്‌ക്വാഡില്‍ അംഗമായിരുന്നു എന്‍.കെ സന്തോഷ്. ഈ പേരിലാണ് നാടന്‍ തോക്ക് സംഘടിപ്പിച്ചത്.
പ്രതി കൃത്യം നടത്താന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തത് മിനി നമ്പ്യാരുടെ വാടകവീടിന്റെ പിറകില്‍നിന്നായിരുന്നു. വെടിയുണ്ട സൂക്ഷിച്ചിരുന്ന കവര്‍ സമീപത്തെ വാഴത്തോട്ടത്തില്‍നിന്നും കണ്ടെടുത്തു. ഇതിനുപിന്നാലെ കേസില്‍ മിനി നമ്പ്യാരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. പിന്നീട് സന്തോഷിന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ക്കും പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകത്തിന് ഒത്താശചെയ്തതിന് മിനി നമ്പ്യാരെയും പോലീസ് പിടികൂടിയത്.
അറസ്റ്റിലായ മിനി നമ്പ്യാരും ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിന്റെ നിരവധി ചിത്രങ്ങളും നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായും മിനി നമ്പ്യാര്‍ മത്സരിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ചെറുകുന്ന് ഡിവിഷനിലാണ് മിനി നമ്പ്യാര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്.