സ്‌കൂളിലെ കൂട്ടുകെട്ട് ലഹരിക്ക് അടിമയാക്കി; പോക്‌സോ കേസില്‍ പെട്ട് അകത്തു കിടന്നത് 9 മാസം; അമ്മയെ ഭീഷണിപ്പെടുത്തി ഇരു ചെവിയറിയാതെ സ്വന്തം വീട്ടില്‍ ഒളിച്ചു താമസം; ഭാര്യയ്ക്ക് വേണ്ടത് ഡിവോഴ്‌സ്; മുത്തശ്ശിയെ കൊല്ലാനുള്ള ശ്രമം ആ അമ്മയുടെ മനസ്സ് തകര്‍ത്തു; ഇനിയാര്‍ക്കും ഈ അമ്മയുടെ ഗതി വരരുത്; എലത്തൂരിലെ അമ്മ നൊമ്പരമാകുമ്പോള്‍
കോഴിക്കോട്: ലഹരിക്കടിമയായ മകനെ പൊലീസിന് പിടിച്ചുനല്‍കി മാതാവ് പൊതു സമൂഹത്തിന നല്‍കുന്ന സമാനതകളില്ലാത്ത സന്ദേശം. കോഴിക്കോട് എലത്തൂരിലാണ് സംഭവം. ലഹരിക്കടിമയായ രാഹുല്‍ നിരന്തരം ശല്ല്യം ചെയ്തതോടെയാണ് അമ്മ പൊലീസിനെ അറിയിച്ചത്. തന്നെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുമെന്ന് മകന്‍ ഭീഷണിപ്പെടുത്തിയെന്ന് അമ്മ പറയുന്നു. മകളുടെ കുഞ്ഞിന് ലഹരി നല്‍കുമെന്ന് ഭയമാണെന്നും അമ്മ പറഞ്ഞു.
പോക്സോ, ഭവനഭേദനം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. അങ്ങേയറ്റം വരെ അനുഭവിച്ചിരിക്കുകയാണ് താനെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ പ്രതികരിച്ചു. പോക്സോ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഡിസംബര്‍ വരെ വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ശേഷം കേസുകളില്‍ വാറണ്ടിലാണെന്നും പൊലീസിനെ അറിയിക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു. പ്രശ്നം ഉണ്ടാക്കാത്തതിനാല്‍ പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ മൂന്നര മാസത്തിനിടെ ഇടയ്ക്കിടെ പ്രശ്നമുണ്ടാക്കിയെന്നും പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞാന്‍ മരിക്കുമെന്നും അമ്മ കൊല്ലാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഗതികെട്ടതോടെയാണ് പോലീസിനെ അമ്മ എല്ലാം അറിയിച്ചത്.
എലത്തൂര്‍ എസ്‌കെ ബസാറിലെ വാളിയില്‍ രാഹുലിനെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. അമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് വീട്ടില്‍ നിന്ന് എലത്തൂര്‍ പൊലീസ് രാഹുലിനെ അറസ്റ്റുചെയ്തത്. ചെറുപ്പത്തിലെ ലഹരിക്കടിമയായ രാഹുല്‍ വീട്ടിലെത്തിയതോടെ സുഖമില്ലാതെ വിശ്രമത്തിലായിരുന്ന അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം വീട്ടിലുള്ള സാധനങ്ങള്‍ തകര്‍ക്കുകയും വീട്ടില്‍ വച്ചുതന്നെ ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നു. പണമാവശ്യപ്പെട്ട് മുത്തശ്ശിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അമ്മ പൊലീസിനെ വിളിച്ചത്.
വീട്ടിലെത്തിയ പൊലീസിന് മുന്നില്‍ ബ്ലേഡ് കഴുത്തില്‍ വച്ച് ഇയാള്‍ ആത്മഹത്യാഭീഷണി മുഴക്കി. താമരശ്ശേരി, പീരുമേട്, കൂരാച്ചുണ്ട്, എലത്തൂര്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മോഷണമടക്കമുള്ള കേസുകളുണ്ട്. പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 9 മാസത്തോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. സ്‌കൂള്‍ കാലത്തെ കൂട്ടുകെട്ടാണ് മകനെ ലഹരിക്കടിമയാക്കിയതെന്ന് അമ്മ മിനി പറഞ്ഞു. വീട്ടുകാരെ ഉള്‍പ്പെടെ ഉപദ്രവിക്കാന്‍ തുടങ്ങി. സമ്പാദ്യം മുഴുവനും നശിപ്പിച്ചു. പണം നല്‍കണമെന്നാവശ്യപ്പെട്ടു വീട്ടില്‍ നിരന്തരം ബഹളമുണ്ടാക്കി. വസ്ത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. നിവൃത്തിയില്ലാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മിനി പറഞ്ഞു. മുന്‍പും രാഹുലിനെതിരെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
രാഹുലിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിക്കടത്തു സംഘവുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ മൂന്നു തവണ ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്ക് കോഴിക്കോട്, താമരശ്ശേരി, കൂരാച്ചുണ്ട്, ഇടുക്കി ജില്ലയിലെ പീരുമേട് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.