രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു; തെളിവുകള്‍ പോലീസിന് കൈമാറി പരാതിക്കാരി; തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും; മാധ്യമങ്ങള്‍ക്ക് മുന്നിലെത്താതെ ഒളിവിലിരിക്കുന്ന രാഹുല്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ മൊഴിയെടുത്തു

Update: 2025-11-28 00:58 GMT

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് ഉടന്‍ കേസെടുക്കും. രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുപ്പു പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നീട് കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറല്‍ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

കേസില്‍ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്. അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടന്‍ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തു. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കേസില്‍ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

എന്നാല്‍ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നല്‍കിയ സാഹചര്യത്തില്‍ ഈ കേസ് പ്രത്യേക കേസായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള പരാതിയില്‍ പൊലീസ് ഏതൊക്കെ വകുപ്പുകളായിരിക്കും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ചുമത്തുന്ന വകുപ്പുകള്‍ എന്താകും എന്നറിയാനാണ് രാഹുലും കാത്തിരിക്കുന്നത്.

അതേസമയം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന് ആളുകളാണ് പ്രതികരിച്ചത്.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റേയും ഫോണ്‍ സ്വിച്ച് ഓഫാണ്. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം. ജോര്‍ജ് പൂന്തോട്ടമാണ് രാഹുലിന്റെ അഭിഭാഷകന്‍.

എഫ്‌ഐആര്‍ ഇട്ടാല്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നും ഈ പരാതിയെക്കുറിച്ച് വ്യക്തതയില്ലെന്നും ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു. കൂടാതെ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന്‍ ആണോയെന്നും ജോര്‍ജ് പറഞ്ഞു. ഇത് മസാലയ്ക്ക് വേണ്ടിയുള്ള നാടകമാണെന്ന് രാഹുല്‍ തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എഫ്‌ഐആര്‍ ഇട്ടാല്‍ മുന്‍കൂര്‍ ജാമ്യം തേടും. പരാതിയെ കുറിച്ച് വ്യക്തത ഇല്ല, പരാതിയുടെ സ്വഭാവം എന്താണ്? പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് സ്റ്റേഷന്‍ ആണോ...ഈ പരാതിയില്‍ അസ്വഭാവികത ഉണ്ട്, ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങള്‍ കാണിക്കുന്നു. ശബരിമല സ്വര്‍ണ്ണ കൊള്ള മറക്കാന്‍ ഉള്ള നാടകം ആണിത്. മസാലക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുല്‍ എന്നോട് പറഞ്ഞു. പുറത്ത് വന്ന തെളിവുകളെക്കുറിച്ച് രാഹുല്‍ എന്നോട് പറഞ്ഞിട്ടില്ല ഞാന്‍ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഡാലോചനയെന്ന് സംശയമുണ്ട്. പരാതി ഇപ്പോള്‍ വന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യം ആയിരിക്കും', ജോര്‍ജ് പൂന്തോട്ടം പറഞ്ഞു.

നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു ധാര്‍ഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.

Tags:    

Similar News