ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോയി; യുവതിയെ ലോഡ്‌ജുകളിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; ക്രൂരത തുടർന്നത് ഒരാഴ്ചയോളം; പിന്നാലെ ജാമ്യം കിട്ടി പ്രതി ഒളിവിൽപ്പോയി; വർഷങ്ങൾക്കിപ്പുറം വീണ്ടും പിടിയിൽ; പ്രതി കുടുങ്ങിയത് ഇങ്ങനെ..!

Update: 2024-11-21 09:47 GMT

കൊല്ലം: വർഷങ്ങൾക്ക് മുൻപ് യുവതിയെ ബസിൽ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി വീണ്ടും അറസ്റ്റിൽ. ഒരാഴ്ചയോളം തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ജാമ്യത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതിയാണ് വീണ്ടും അറസ്റ്റിലായത്. വർക്കല റാത്തിക്കൽ ഇക്ബാൽ മൻസിലിൽ ഇക്ബാലി(48)നെയാണ് അഞ്ചൽ പോലീസ് വീണ്ടും വലയിൽ കുടുക്കിയത്.

1997 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 26 വയസുള്ള യുവതിയെ കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോവുകയും വർക്കലയിൽ എത്തിച്ച്‌ ലോഡ്‌ജുകളിലും റിസോർട്ടിലും തടവിൽ പാർപ്പിച്ച്‌ പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രതിക്കെതിരെയുള്ള കേസ്. ബസുടമയുടെ മകനായ ഇക്ബാൽ ബസിൽ കണ്ടക്ടറായി ജോലിചെയ്ത് വരുകയായിരുന്നു.

പിന്നാലെ യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പോലീസ് ഇക്ബാൽ ഉൾപ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോയശേഷം വിദേശത്തേക്കു കടന്നു. പലതവണ ഇക്ബാലിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല.

ഒടുവിൽ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തത്.

Tags:    

Similar News