ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്നു; തക്കം നോക്കി സ്‌കൂട്ടർ ഇടിച്ചു വീഴ്ത്തി; പിന്നാലെ യുവതിയെ ലൈംഗികമായി ​പീഡിപ്പിക്കാൻ ശ്രമം; 25കാരനെ മണിക്കൂറുകൾക്കുള്ളിൽ പൊക്കി പോലീസ്; പിടിയിലായ പൂവൻചിറക്കാരൻ വിഷ്ണു പോക്സോ കേസിലും പ്രതി

Update: 2025-09-28 08:29 GMT

പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. പാലക്കാട് പട്ടിക്കാട് പൂവൻചിറ സ്വദേശിയായ 25കാരൻ വിഷ്ണുവിനെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്ക് സമീപമാണ് സംഭവമുണ്ടായത്.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ആക്രമിക്കപ്പെട്ടത്. യുവതിയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു, അവർ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. അപകടത്തിൽപ്പെട്ട് റോഡിൽ വീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ വടക്കഞ്ചേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ വിഷ്ണു എറണാകുളത്ത് രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിലും പ്രതിയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Tags:    

Similar News