സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് വന്ന ആലപ്പുഴ സ്വദേശിനിക്ക് സ്വന്തം വീട് വാടകയ്ക്ക് നല്‍കി ബലാല്‍സംഗം; വിദേശത്ത് പോയിയും വന്നും പീഡനം; നഗ്‌നചിത്രങ്ങള്‍ കാട്ടിയുള്ള ഭീഷണിക്കൊടുവില്‍ യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പ്രതി അറസ്റ്റില്‍
സ്വന്തം വീട് വാടകയ്ക്ക് നല്‍കി ബലാല്‍സംഗം
കോന്നി: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്ക് വാടകയ്ക്ക് വീട് എടുത്തു കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് നിരന്തരം ബലാല്‍സംഗത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റ് ജങ്ഷന്‍ കോയിപ്പുറത്ത് വീട്ടില്‍ ഷാജി എന്ന് വിളിക്കുന്ന സാം മോനി സാമൂവല്‍ (50) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയെയാണ് ഇയാള്‍ തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
കോന്നിയില്‍ ജോലിക്കെത്തിയ യുവതിയെ ടൗണില്‍ തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ താമസിപ്പിക്കാമെന്ന് പറഞ്ഞ് അവിടെ എത്തിച്ചാണ് ആദ്യം ബലാല്‍സംഗം ചെയ്തത്. 2022 നവംബറിലാണ് സംഭവം. പ്രവാസിയായ പ്രതി പിന്നീട് വിദേശത്ത് പോയി. അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഈ വര്‍ഷം ആദ്യവും ഇതേ വീട്ടില്‍ വച്ച് പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വാട്സാപ്പ് വഴി അയക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു. ശല്യം സഹിക്ക വയ്യാതെ കോന്നിയിലെ ജോലി ഉപേക്ഷിച്ചു പോയ യുവതിയെ പ്രതി പിന്തുടര്‍ന്ന് ശല്യം ചെയ്തു. ഒരു നിവൃത്തിയുമില്ലാതെയായപ്പോഴാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. യുവതിയുടെ മൊഴിപ്രകാരം ബലാല്‍സംഗത്തിനും ഐ ടി നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്ത പോലീസ്, പ്രാഥമിക നിയമനടപടികക്ക് ശേഷം കോടതിയിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പോലീസ് ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണിക്കൂറുകള്‍ക്കകം പ്രതിയെ കസ്റ്റഡിയിലെടുത്തു. കേസ് എടുക്കുന്നതറിഞ്ഞു വിദേശത്തേക്ക് കടക്കാന്‍ വേഗം ടിക്കറ്റ് ബുക്ക് ചെയ്ത് കോന്നി വിട്ട ഇയാളെ യാത്രാമധ്യേ കൊട്ടാരക്കരവച്ച് പിടികൂടുകയായിരുന്നു.
പ്രതി പ്രത്യേക പ്രകൃതക്കാരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ നിരന്തരശല്യം കാരണം ഫോണ്‍ നമ്പരുകളും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം അക്കൗണ്ട് ബന്ധങ്ങളും ഉപേക്ഷിച്ച യുവതിക്ക് പിന്നീട് ഇയാള്‍ കത്തുകള്‍ അയക്കാന്‍ തുടങ്ങി. കാണണമെന്നും മറ്റുമായിരുന്നു ആവശ്യം. യുവതി മാനസികമായി ആകെ തകര്‍ന്നു. നഗ്നദൃശ്യങ്ങളും മറ്റും കൈയിലുണ്ടെന്ന് പറഞ്ഞു നിരന്തരം ഭീഷണിപ്പെടുത്തി. പുതിയ ജോലി സ്ഥലത്തും താമസിക്കുന്ന ഇടത്തുമൊക്കെ പ്രതി എത്തി ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ സഹികെട്ട് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു.