അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് രണ്ടാനച്ഛന്റെ ക്രൂരത; 14കാരിയെ അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, ലഹരിമരുന്ന് വിൽപനക്കാരിയാക്കി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ലഹരിമരുന്ന് കച്ചവടത്തിന് കുട്ടിയെ ഉപയോഗിക്കാൻ അമ്മയും കൂട്ടുനിന്നു; പ്രതിയ്ക്ക് 55 വർഷം കഠിന തടവ്
തിരുവനന്തപുരം: 14 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി അയൽസംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ലഹരിമരുന്ന് വിൽപനക്കാരിയാക്കുകയും ചെയ്ത കേസിൽ മാറനല്ലൂർ സ്വദേശിയായ രണ്ടാനച്ഛന് ശിക്ഷ വിധിച്ച് കോടതി. 55 വർഷം കഠിന തടവും 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഈ പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. തിരുവനന്തപുരം അതിവേഗ കോടതിയാണ് പ്രതിക്ക് കഠിന തടവ് ശിക്ഷ വിധിച്ചത്.
2019-2020 കാലയളവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയെ പ്രതി വിവാഹം കഴിച്ചത്. നാഗർകോവിലിൽ വാടകയ്ക്ക് താമസിക്കുമ്പോൾ, അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. തുടർന്ന്, വിശാഖപട്ടണത്ത് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു. ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് പ്രതി കുട്ടിയെ മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടുപോയിരുന്നത്. കുട്ടിയുടെ അമ്മയും മകളെ ഭീഷണിപ്പെടുത്തി ലഹരിമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.
കുട്ടി ഫോണിൽ വിളിച്ച് അച്ഛനെയും സഹോദരനെയും പീഡനവിവരം അറിയിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കുട്ടിയെ ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരത്ത് തിരുമലയിൽ താമസം മാറ്റിയ ശേഷവും പീഡനം തുടർന്നു. ഒടുവിൽ, കുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രതി മറ്റൊരു കൊലക്കേസിലും പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹനും അഡ്വ. ആർ.അരവിന്ദും ഹാജരായി. കേസ് അന്വേഷണം പൂജപ്പുര ഇൻസ്പെക്ടർ ആയിരുന്ന വിൻസന്റ് എം.എസ്.ദാസ്, ആർ.റോജ് എന്നിവരാണ് നടത്തിയത്.