എവിടെ വേണമെങ്കിലും പരാതിപ്പെട്ടോ, ഒന്നും സംഭവിക്കില്ലെന്ന് വെല്ലുവിളി; കരഞ്ഞു കൊണ്ട് വീഡിയോ പകർത്തി യുവതി; പീഡന പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ബിജെപി കൗൺസിലറുടെ ഭർത്താവിനെതിരെ നടപടിയില്ല; അശോക് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നും മുൻപ് നാട് കടത്തിയതാണെന്നും ആരോപണം; പ്രതിഷേധം ശക്തം
സത്ന: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ബിജെപി കൗൺസിലറുടെ ഭർത്താവ് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്. റാംപുർ ബാഘേലൻ നഗർ പരിഷദിലെ ബിജെപി കൗൺസിലറുടെ ഭർത്താവായ അശോക് സിങ്ങിനെതിരെയാണ് യുവതി സത്ന പൊലീസ് സൂപ്രണ്ടിന് തെളിവുകൾ സഹിതം പരാതി നൽകിയിരിക്കുന്നത്. പരാതി നൽകി അഞ്ചു ദിവസം കഴിഞ്ഞിട്ടും പൊലീസ് ആവശ്യമായ നടപടിയെടുത്തിട്ടില്ലെന്ന് യുവതി ആരോപിച്ചു.
ആറുമാസം മുൻപാണ് ബലാത്സംഗ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ അശോക് സിങ്, യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ യുവതിയെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഭയന്ന യുവതി അന്ന് പരാതി നൽകിയിരുന്നില്ല.
എന്നാൽ, ഡിസംബർ 20-ന് അശോക് സിങ് വീണ്ടും യുവതിയെ സമീപിക്കുകയും ചിത്രീകരിച്ച ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ലൈംഗിക ബന്ധം ആവശ്യപ്പെട്ട് ഇയാൾ നിരന്തരമായി യുവതി ജോലി ചെയ്യുന്ന കടയിലെത്തുകയും അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് യുവതി പരാതി നൽകാൻ തീരുമാനിച്ചത്. തുടർന്ന്, യുവതി ഇയാളുമായുള്ള സംഭാഷണം ഫോണിൽ റെക്കോഡ് ചെയ്യുകയും, ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
"എനിക്കെന്ത് സംഭവിക്കും? ഒന്നും പറ്റില്ല. എവിടെ വേണമെങ്കിലും പരാതി കൊടുക്ക്. എനിക്കൊന്നും സംഭവിക്കില്ല" എന്നായിരുന്നു ഇതിനോടുള്ള അശോകിന്റെ മറുപടി. ഈ സംഭാഷണത്തിന്റെ പശ്ചാത്തലത്തിൽ ഇരയായ യുവതി കരയുന്നതും റെക്കോഡ് ചെയ്ത ദൃശ്യങ്ങളിൽ കേൾക്കാം. ക്രിമിനൽ പശ്ചാത്തലമുള്ള അശോക് സിങ്ങിനെ നേരത്തെ ജില്ലയിൽനിന്ന് നാടുകടത്തിയിട്ടുള്ളതാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഗുരുതരമായ ആരോപണങ്ങളും വ്യക്തമായ തെളിവുകളും ഉണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് വരുത്തുന്ന കാലതാമസം വലിയ വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.
സത്‌ന എസ്പി ഹൻസ്‌രാജ് സിങ്ങിന് രേഖാമൂലം പരാതി നൽകിയത്. കേസ് ഡിവൈഎസ്പി മനോജ് ത്രിവേദിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ പരാതി നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇയാൾക്കെതിരെ പൊലീസ് കൃത്യമായ നടപടിയെടുക്കുന്നില്ലെന്നും തന്നെയും കുടുംബത്തെയും അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി പറയുന്നു. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും ഇതുവരെ ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് പൊലീസ് അറിയിച്ചു.
