മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ ഫാമിലേക്ക് കൂട്ടികൊണ്ട് പോയി; പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു; പിന്നാലെ കാട്ടിൽ ഉപേക്ഷിച്ച് കടന്നു; പെൺകുട്ടികളെ കണ്ടെത്തിയത് പട്രോളിംഗ് നടത്തിയിരുന്ന പോലീസ്; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

Update: 2025-07-27 10:13 GMT

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 15 വയസ്സുള്ള രണ്ട് സഹോദരിമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രദീപ് കുമാര്‍ (20), ഗൗരവ് (21) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ ഫാമിലേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവ ശേഷം പെൺകുട്ടികളെ കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

ജൂലായ് 24-നാണ് കേസിനാസ്പദമായ സംഭവം. 10.30 മണിയോടെ പ്രതികൾ പെൺകുട്ടികളെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പ്രതികള്‍ക്ക് പെണ്‍കുട്ടികളുമായി മുന്‍പരിചയമുണ്ട്. തങ്ങളെ കാണാന്‍ വരണമെന്നും ഇല്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്നും ഇവർ ഭീഷണിപ്പെടുത്തി. പരിഭ്രാന്തരായ പെൺകുട്ടികളെ പ്രതികൾ പറഞ്ഞ സ്ഥലത്തെത്തി. തുടർന്ന് ഇരുവരും ചേർന്ന് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ പന്നിഫാമിലേക്ക് കൂട്ടികൊണ്ടുപോയി.

ശേഷം തങ്ങള്‍ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലുമെന്നും പ്രതികള്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളെയും പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നടന്ന സംഭവം പോലീസിനോട് പറഞ്ഞാല്‍ വീട്ടുകാരെ വെറുതെ വിടില്ലെന്നും ഭീഷണിപ്പെടുത്തിയ പ്രതികള്‍ പെണ്‍കുട്ടികളെ കാടിന് സമീപം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രാത്രി വൈകി റോഡിൽ നിൽക്കുകയായിരുന്ന പെൺകുട്ടികളെ പോലീസ് പട്രോളിംഗ് സംഘമാണ് കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ബുഡാന പോലീസ് സ്റ്റേഷനിലെത്തിച്ചു.

വീട്ടുകാരെ വിവരമറിയിച്ചതോടെ ബന്ധുക്കളും പോലീസ് സ്റ്റേഷനിലെത്തി. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ പ്രദീപ് കുമാര്‍, ഗൗരവ് എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തട്ടികൊണ്ടുപോകല്‍, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 70(2), 137(2), പോക്സോ നിയമത്തിലെ 5G/6 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

രാത്രി വൈകിയും പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്താത്തപ്പോൾ അന്വേഷിച്ചിരുന്നു, എന്നാൽ ഒരുങ്ങി വിവരവും ലഭിച്ചില്ല. പുലർച്ചെ 1:30 ഓടെയാണ് പെൺകുട്ടികൾ സ്റ്റേഷനിലുണ്ടെന്ന് പോലീസ് അറിയിച്ചതെന്നും കുട്ടികളുടെ ബന്ധുക്കൾ പറഞ്ഞു. കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും പ്രതികളുടെ മൊബൈൽ നമ്പറുകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ഡിഎസ്പി ഗജേന്ദ്ര പാൽ സിംഗ് സ്ഥിരീകരിച്ചു. പ്രതികളെ പിടികൂടാൻ രണ്ട് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്, ഉടൻ തന്നെ പിടികൂടാനാകുമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News