'എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളര്‍ത്തി ജീവിച്ചോളാമെന്ന് പറഞ്ഞതാ; എന്നിട്ടും വെറുതെ വിട്ടില്ല'; ക്രൂരമായാണ് അവരെ കൊലപ്പെടുത്തിയതെന്ന് യുവതിയുടെ ബന്ധു; പ്രതികളെ പിടികൂടിയത് അധ്യാപികമാരെ വിവാഹം ചെയ്ത് പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിക്കവെ

'എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളര്‍ത്തി ജീവിച്ചോളാമെന്ന് പറഞ്ഞതാ'

Update: 2025-01-04 12:36 GMT

കൊച്ചി: കൊല്ലം അഞ്ചലില്‍ യുവതിയേയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ മുന്‍ സൈനികരായ പ്രതികളെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടിയതില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ ബന്ധു. പ്രതികളെ പിടിച്ചതില്‍ സന്തോഷമെന്ന് കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ സഹോദരിയായ ലളിത പ്രതികരിച്ചു.

''വളരെ സന്തോഷമുണ്ട്. അവളുടെ അമ്മ ഇത്രയും നാള്‍ നോയമ്പ് നോറ്റ് കാത്തിരുന്നത് ഈ ഒരു നിമിഷത്തിന് വേണ്ടിയാണ്. അല്ലെങ്കില്‍ എന്നേ മരിക്കണം മരിക്കണം എന്ന് പറഞ്ഞ് നടന്നതാ. ഈ ഒരൊറ്റ ആഗ്രഹത്തിന് വേണ്ടിയാണ്. പ്രതികളെ എന്നെങ്കിലും പിടിച്ച് അവരെ മുന്നില്‍ കൊണ്ടുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് ദൈവം സാധിച്ചുകൊടുത്തതില്‍ ഒരുപാട് നന്ദിയുണ്ട്. എങ്ങനെയെങ്കിലും കുഞ്ഞുങ്ങളെ വളര്‍ത്തി ജീവിച്ചോളാം എന്ന് പറഞ്ഞതാ. എന്നിട്ട് പോലും അതിനെ വെറുതെ വിട്ടില്ല. ക്രൂരമായിട്ടാണ് അവരെ കൊലപ്പെടുത്തിയത്. അമ്മ ഈ വാര്‍ത്ത അറിഞ്ഞു. ഇത്രയും നാള്‍ ദൈവത്തെ വിളിച്ച് കരഞ്ഞതിന് ഫലമുണ്ടായി.'' ലളിത പ്രതികരിച്ചു.

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന യുവതിയെും അവരുടെ ഇരട്ടക്കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി ദിബില്‍ കുമാറില്‍ നിന്ന് ഗര്‍ഭിണിയായി കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. എന്നാല്‍ പിത്യത്വം ഏറ്റെടുക്കാന്‍ ഇയാള്‍ തയാറായില്ല. കുട്ടികളുടെ പിതൃത്വം തെൡയിക്കാന്‍ രഞ്ജിനിയും കുടുംബവും നിയമവഴി തേടിയതോടെയായിരുന്നു കൊലപാതകം.

സൈന്യത്തില്‍ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിബില്‍ കുമാറും രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി അതിക്രൂരമായി മൂവരേയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസെത്തുമ്പോഴേക്കും പ്രതികള്‍ കാണാമറയത്തെത്തിയിരുന്നു. ഒടുവില്‍ രഞ്ജിനിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 2008 സിബിഐ ചെന്നൈ യൂണിറ്റ് കേസ് എറ്റെടുത്തു. തുടര്‍ന്ന് 18 വര്‍ഷം സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ നിന്ന് സി.ബി.ഐ ചെന്നൈ യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കൊച്ചി സി.ജെ.എം കോടതിയില്‍ ഹാജരാക്കി.

യുവതിയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോയ പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ദിബിലും രാജേഷും പോണ്ടിച്ചേരിയില്‍ കുടുംബജീവിതം നയിച്ചുവരുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

പതിനെട്ട് വര്‍ഷക്കാലം പോണ്ടിച്ചേരിയില്‍ മറ്റൊരു പേരിലും വിലാസത്തിലും ആധാര്‍ കാര്‍ഡിലുമാണ് പ്രതികള്‍ ഇത്രയും കാലം ജീവിച്ചതെന്ന് സി.ബി.ഐ പറഞ്ഞു. പോണ്ടിച്ചേരിയിലുള്ള രണ്ട് അധ്യാപികമാരെ വിവാഹം കഴിച്ച് കുട്ടികളുമായി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ഇരുവര്‍ക്കുമായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം വ്യാപിച്ചിരുന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

സി.ബി.ഐയുടെ ചെന്നൈ യൂണിറ്റ് പ്രതികളെ കൊച്ചിയില്‍ എത്തിച്ചു. സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ജനുവരി 18 വരെ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച സി.ബി.ഐ കോടതിയില്‍ അപേക്ഷ നല്‍കും. അഞ്ചലില്‍ സംഭവം നടന്ന സ്ഥലത്തടക്കം പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.

Tags:    

Similar News