മുഴുവന്‍ പണം മോഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു; ആവശ്യമുള്ളത് കിട്ടിയപ്പോള്‍ ഇറങ്ങിയെന്ന് പ്രതി; വീട്ടില്‍ പണം സൂക്ഷിച്ചത് ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലെന്ന് റിജോ ആന്റണി; കവര്‍ച്ചാ മുതലില്‍ 14.90 ലക്ഷവും കണ്ടെടുത്തു പോലീസ്; പതിനായിരം രൂപ മദ്യം വാങ്ങാനും മറ്റു ചെലവാക്കി

മുഴുവന്‍ പണം മോഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു

Update: 2025-02-18 02:52 GMT

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടത്തിയ പ്രതി റിജോ ആന്റണിയില്‍ 15 ലക്ഷം രൂപ മോഷ്ടിക്കാന്‍ മാത്രമേ ഉദ്ദേശ്യമുണ്ടായരുന്നുള്ളൂവെന്ന് പോലീസിനെ വെളിപ്പെടുത്തി. 45 ലക്ഷം രൂപട്രേയില്‍ ഉണ്ടായിരുന്നിട്ടും ആ പണം മുഴുവന്‍ പ്രതി അടുത്തിരുന്നില്ല. ഇതേക്കുറിച്ചാണ് പ്രതി പോലീസില്‍ മൊഴി നല്‍കിയത്. ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പായപ്പോള്‍ ബാങ്കില്‍നിന്ന് പോയതാണെന്നും ബാങ്കിലെ മുഴുവന്‍ പണം മോഷ്ടിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പില്ലാതെ ഭീഷണിക്കു കീഴ്പ്പെട്ടുവെന്നും പ്രതി പോലീസിനോടു പറഞ്ഞു.

കവര്‍ച്ച ലക്ഷ്യം കണ്ടത് രണ്ടാംശ്രമത്തില്‍. നാലു ദിവസം മുന്‍പ് കവര്‍ച്ചയ്ക്കായി ബാങ്കിന് സമീപത്തെത്തിയിരുന്നെങ്കിലും പോലീസ് ജീപ്പ് കണ്ടപ്പോള്‍ പിന്‍മാറുകയായിരുന്നെന്ന് പ്രതി പറഞ്ഞു. പോട്ട ആശാരിപ്പാറ സ്വദേശി റിജോ ആന്റണി (48) കത്തികാട്ടി 15 ലക്ഷം രൂപയാണ് കവര്‍ന്നത്. ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പ്രതിയെ മോഷണം നടന്ന ബാങ്കിലെത്തിച്ച് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പ്രധാന തെളിവെടുപ്പ്. ഞായറാഴ്ച അര്‍ധരാത്രി വീട്ടിലും കൊണ്ടുപോയി തെളിവെടുത്തിരുന്നു. മോഷ്ടിച്ച 15 ലക്ഷം രൂപയിലെ 12 ലക്ഷവും വീട്ടില്‍നിന്ന് കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച കത്തി, മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയും വീട്ടില്‍നിന്ന് കണ്ടെടുത്തു. റിജോയുടെ കാടുകുറ്റി അന്നനാടുള്ള സുഹൃത്തിന്റെ വീട്ടില്‍നിന്ന് 2.9 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. കടം വാങ്ങിയ ഈ തുക അന്നനാടുള്ള സുഹൃത്ത് വിജീഷിന് നല്‍കിയിട്ടുണ്ടെന്ന് റിജോ മൊഴി നല്‍കിയിരുന്നു.

കവര്‍ച്ച തുകയായ 15 ലക്ഷത്തില്‍ 10,000 രൂപ ഒഴികെയുള്ള തുക കണ്ടെടുത്തു. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രധാനമായും പ്രതിയുടെ ആശാരിപ്പാറയിലെ വീട്ടിലും പണം കൊടുത്ത ആളുടെ വീട്ടിലും കവര്‍ച്ച നടത്തിയ പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലുമാണ് തെളിവെടുപ്പിന് എത്തിച്ചത്. ആയുധമായ കത്തിയും വസ്ത്രങ്ങളുമെല്ലാം പൊലീസ് കണ്ടെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി കെ. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.30ന് തന്നെ പ്രതി റിജോയെ ഡി.വൈ.എസ്.പി ഓഫിസിലെ ചോദ്യം ചെയ്യലിന് ശേഷം പോട്ട ആശാരിപ്പാറയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തിയപ്പോള്‍ മോഷണമുതലിലെ 12 ലക്ഷം രൂപ പൊലീസിന് കൈമാറി. മോഷണത്തിന് ശേഷം സ്‌കൂട്ടറില്‍ മടങ്ങുമ്പോള്‍ തിരിച്ചറിയാതെ രക്ഷപ്പെടാന്‍ വേണ്ടി ഒന്നിനുമേല്‍ ഒന്നായി മാറിമാറി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ പൊലീസ് വീട്ടില്‍നിന്നും കണ്ടെടുത്തു. ബാങ്ക് ജീവനക്കാരെ ഭയപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെത്തി.

തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പിനായി അന്നനാട് കൊണ്ടുപോയി. ഇവിടെയാണ് കടം വാങ്ങിയ പണം തിരിച്ചുകൊടുത്ത ആളുടെ വീട്. അവിടെ നിന്നും 2.90 ലക്ഷം രൂപ തിരികെ ലഭിച്ചു. 15 ലക്ഷം രൂപയില്‍ പിന്നെ 10,000 രൂപയാണ് മോഷണത്തുകയില്‍ ചെലവായത് ഇത് മോഷണ ദിവസം തന്നെ മദ്യം വാങ്ങിയും മറ്റും ചെലവായിരുന്നു. പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പ്രതിയെ എത്തിക്കുമ്പോള്‍ ഉച്ചക്ക് 12 മണി കഴിഞ്ഞിരുന്നു.

മുന്‍പ് വിദേശത്തായിരുന്ന റിജോ രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലെത്തി ആശാരിപ്പാറയില്‍ താമസം തുടങ്ങിയത്. ഒരു മാസത്തിലധികമായി കവര്‍ച്ചയുടെ ആസൂത്രണം നടത്തി. യാത്രയുടെ 'ട്രയല്‍' നടത്തുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News