സ്വര്‍ണത്തിന്റെ വിറ്റുവരവും നികുതിയും സംബന്ധിച്ച കണക്കില്ല; ജി.എസ്.ടി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി വിവരാവകാശ കമ്മീഷന്‍; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരം നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ; നികുതിയില്‍ നിന്ന് ശമ്പളംപറ്റുന്നവര്‍ വിവരം വിലക്കരുതെന്ന് മുന്നറിയിപ്പ്
സ്വര്‍ണത്തിന്റെ വിറ്റുവരവും നികുതിയും സംബന്ധിച്ച കണക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ പല അഴിമതികളും പുറത്തുവരുന്നതില്‍ നിര്‍ണായകമായിരുന്നത് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ ആയിരുന്നു. ഇത്തരത്തില്‍ വിവരാവകാശ രേഖകള്‍ കൊടുക്കുന്നതില്‍ പലപ്പോഴും ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ചകള്‍ ഉണ്ടാകാറുണ്ട് താനും. ഇതോടെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ രംഗത്തുവന്നു.
നികുതിവരുമാനത്തില്‍നിന്ന് ശമ്പളംപറ്റുന്നവര്‍ ജനങ്ങള്‍ക്ക് വിവരം വിലക്കരുതെന്ന മുന്നറിയിപ്പുമായാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ വിവരാവകാശ അപേക്ഷകളില്‍ കൃത്യസമയത്ത് മറുപടിനല്‍കാത്തത് വിമര്‍ശിച്ചാണ് വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ഹക്കീമിന്റെ താക്കീത്. വിവരംനല്‍കാന്‍ വൈകിയതിന് വിദ്യാഭ്യാസവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ശിക്ഷിച്ച കമ്മിഷന്‍, സ്വര്‍ണനികുതി വെട്ടിപ്പ്, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നീ രണ്ട് പ്രധാന കേസുകളില്‍ക്കൂടി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചു.
ഒറ്റശേഖരമംഗലം സ്വദേശി എന്‍. സുരേന്ദ്രന് നെയ്യാറ്റിന്‍കര ഡി.ഇ.ഒ. ഓഫീസ് ഫയല്‍വിവരങ്ങള്‍ നല്‍കാത്തതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ 8334 രൂപവീതം പിഴയടയ്ക്കണമെന്നാണ് വിധി. 'ജനങ്ങളെ ഭരണവുമായി അടുപ്പിച്ച് അവര്‍ക്ക് പങ്കാളിത്തമുണ്ടാക്കുകയാണ് വിവരാവകാശ നിയമത്തിന്റെ ഉത്തരവാദിത്വം. ശത്രുവിനോടെന്നപോലെ പൗരന്റെ കാര്യത്തില്‍ സാങ്കേതികത്വം പറയരുത്' -അബ്ദുള്‍ഹക്കീം ഉത്തരവിട്ടു.
സ്വര്‍ണ്ണ വില്‍പ്പന സംബന്ധിച്ച കണക്കില്ലെന്നും വിവരാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ നേതാവ് അബ്ദുള്‍നാസര്‍ നല്‍കിയ പരാതി പരിഗണിച്ച കമ്മിഷന്‍ സ്വര്‍ണത്തിന്റെ വിറ്റുവരവും നികുതിയും സംബന്ധിച്ച കണക്കില്ലാത്തതില്‍ ജി.എസ്.ടി. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി. സ്വര്‍ണമടക്കമുള്ള ഉത്പന്നങ്ങളുടെ വക തിരിച്ചുള്ള കണക്കില്ലെന്നും ജി.എസ്.ടി. പോര്‍ട്ടലില്‍ അതിനുള്ള സംവിധാനമില്ലാത്തതില്‍ കേന്ദ്രസര്‍ക്കാരിനെയും ജി.എസ്.ടി. കൗണ്‍സിലിനെയും സമീപിച്ചിട്ടുണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
സ്വര്‍ണത്തിലാണ് കൂടുതല്‍ നികുതിവെട്ടിപ്പ്. നികുതിയുടെ വരവും പോക്കും സംബന്ധിച്ച കണക്കുണ്ടോ? പൊതുഖജനാവിലേക്ക് വരേണ്ട തുകയെക്കുറിച്ച് നിങ്ങളുടെ കൈയില്‍ കണക്കില്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ വഞ്ചിക്കുകയാണെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ മാത്രമല്ല, എല്ലായിടത്തും ഇതാണ് സ്ഥിതിയെന്നു ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ വിശദീകരിച്ചപ്പോള്‍ ധനകാര്യ റിസോഴ്സ് സെക്രട്ടറിയുടെ അഭിപ്രായം തേടാന്‍ കമ്മിഷണര്‍ ഉത്തരവിട്ടു.
അതേസമം 2020-ലെ കമ്മിഷന്‍ ഉത്തരവ് ഉയര്‍ത്തിക്കാട്ടി നാലുവര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സാംസ്‌കാരികവകുപ്പ് പുറത്തുവിട്ടില്ല. പലതരം തടസ്സവാദങ്ങളുന്നയിച്ചു. കമ്മിഷന്‍ പറഞ്ഞത് നടപ്പാക്കുമെന്നു സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ തര്‍ക്കം തീരേണ്ടതായിരുന്നു. ഇതിലും കമ്മീഷന്റെ വിമര്‍ശനം ഉണ്ടായി. സര്‍ക്കാര്‍ സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന റിപ്പോര്‍ട്ടിന്മേല്‍ നല്ല ചര്‍ച്ചകള്‍ നടക്കാത്തതിന് ഉദ്യോഗസ്ഥരുടെ പിഴവും പിടിപ്പുകേടുമാണ് കാരണം.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കരുതെന്നു പറഞ്ഞതില്‍ വേട്ടക്കാരനോ ഇരയോ എന്ന വ്യത്യാസമില്ല. ഇനി വിവാദമുണ്ടാവരുതെന്ന് കമ്മിഷന്‍ വ്യക്തമാക്കി. ഹേമ കമ്മിറ്റി നിര്‍ദേശിച്ച ചില ഭാഗങ്ങള്‍ ഒഴിവാക്കിയെന്ന പരാതി പരിശോധിക്കാന്‍ മുഴുവന്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടതനുസരിച്ച് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വൈകീട്ട് അതു കൈമാറി.