ദ്വാരപാലക ശില്‍പ്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനി; വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനും; ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു; ഭണ്ഡാരി ആദ്യം നല്‍കിയ മൊഴി ചെമ്പുപാളിയെന്ന്, പിന്നീട് തിരുത്തി; ഇരുവരും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലില്‍ അറസ്റ്റു നടപടിയുമായി എസ്ഐടി

ദ്വാരപാലക ശില്‍പ്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനി

Update: 2025-12-19 12:35 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കൂടുതല്‍ നടപടികളുമായി പ്രത്യേക അന്വേഷണം സംഘം നീങ്ങിയത് കേസ് വഴിത്തിരിവില്‍ നില്‍ക്കവേ. കേസ് അന്വേഷണത്തിന് ഇഡി എത്തുകയും അന്വേഷ സംഘത്തെ ഹൈക്കോടതി വിമര്‍ശിക്കുകയും ചെയ്തതോടെയാണ് കൂടുതല്‍ അറസ്റ്റു നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനുമാണ് അറസ്റ്റിലായിരിക്കുന്നത്.

ശബരിമലയിലെ ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയായിരുന്നു. ശില്പലങ്ങളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനും. പോറ്റിയും ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത്. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ദ്ധനന് കൊടുത്തു എന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

അതിന് ശേഷം തന്ത്രിയുടെ മൊഴി എടുത്തപ്പോള്‍ തന്ത്രി പറഞ്ഞത് ഗോവര്‍ദ്ധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്. ഈ മൊഴികളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് അറസ്റ്റു നടപടികളിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നത്. ശബരിമലയിലെ സ്വര്‍ണക്കൊള്ള വഴി പങ്കജ് ഭണ്ഡാരിയും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

ഇതിനെ തുടര്‍ന്നാണ് പങ്കജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് രണ്ടുതവണ എസ്ഐടി പങ്കജിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റുചെയ്യുന്നതിന് തൊട്ടുമുമ്പാണ് ആദ്യം പങ്കജ് ഭണ്ഡാരിയെ പോലീസ് ചോദ്യം ചെയ്തിരുന്നത്. പിന്നീട്, ഒരാഴ്ച മുമ്പാണ് പങ്കജ് ഭണ്ഡാരിയെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് ഒഫീസില്‍വെച്ച് രണ്ടാമതും ചോദ്യം ചെയ്തത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയേയും മുരാരി ബാബുവിനേയും പത്മകുമാറിനേയും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്ത ശേഷമായിരുന്നു ഈ നടപടി. പിന്നീട്, കുടുംബത്തില്‍ ഇയാള്‍ പങ്കെടുക്കേണ്ട ഒരു അത്യാവശ്യ ചടങ്ങുണ്ട് എന്ന പറഞ്ഞതിന്റെ പേരിലാണ് അന്ന് പങ്കജ് ഭണ്ഡാരിയെ അന്വേഷണ സംഘം വിട്ടയച്ചത്. ഇന്ന് അന്വേഷണ സംഘം വീണ്ടും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു.

ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന രണ്ടുപേരാണ് പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധനും. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഉണ്ടായിരുന്നത് ഇവര്‍ രണ്ടുപേരുമായിരുന്നു എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് പരിചയപ്പെടുത്തിക്കൊടുത്തത് ഗോവര്‍ധനാണ്. ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളിലും സ്വര്‍ണം പൂശല്‍ ജോലികള്‍ ചെയ്തിട്ടുള്ള സ്ഥാപനമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനമാണ് ഹൈകോടതി നടത്തിയത്. സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. കേസിനാസ്പദമായ സംഭവങ്ങള്‍ ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ മതപരമായ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. ആരോപണം കേട്ടുകേള്‍വിയില്ലാത്തതും ഗൗരവമേറിയതെന്നും ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

സ്വര്‍ണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യഹരജി തള്ളിയാണ് ഹൈകോടതിയുടെ നിരീക്ഷണം. നിയമം എല്ലാവര്‍ക്കും ബാധകമാണ്. അത് ഒരേപോലെ പ്രത്യേക അന്വേഷണ സംഘം വിനിയോഗിക്കണം. അന്വേഷണത്തില്‍ വിവേചനം പാടില്ല. ഉത്തരവാദപ്പെട്ട ആളുകളിലേക്ക് അന്വേഷണം കൊണ്ടുപോകുന്നതില്‍ എസ്.ഐ.ടി അലംഭാവം കാണിക്കുന്നു. അഴിമതി സമൂഹത്തെ ബാധിക്കുന്ന കാന്‍സറാണെന്നും ഇത്തരം കേസുകള്‍ കോടതികള്‍ സമാന്തരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണെന്നും കോടതി ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിന്റെ സ്വഭാവവും ഗൗരവവും കണക്കിലെടുക്കുമ്പോള്‍ ഒരു പുണ്യ ക്ഷേത്രത്തിലെ വിഗ്രഹത്തിനും തിരുവാഭരണത്തിലും പതിച്ചിരിക്കുന്ന സ്വര്‍ണം അധികാരികള്‍ ചേര്‍ന്ന് ദുരുപയോഗം ചെയ്‌തെന്ന ആരോപണം കേട്ടുകേള്‍വിയില്ലാത്തതാണ്. വിശ്വാസികളെ ബാധിക്കുന്ന കാര്യമാണ്. ദേവസ്വം സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ അതിനെ നശിപ്പിക്കുന്നവരായി മാറുന്നു.

ഗൂഢാലോചനയും ഉദ്യോഗസ്ഥ പങ്കാളിത്തവും വളരെ വ്യക്തമാണ്. രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമാകും. സ്വര്‍ണം പൂശിയ ദ്വാരപാലക വിഗ്രഹങ്ങളും പാളികളും വെറും ചെമ്പാണെന്ന് രേഖപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ദേവസ്വം മാനുവല്‍ പ്രകാരം സ്വര്‍ണ ഉരുപ്പടികള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ പ്രതികള്‍ ലംഘിച്ചു. ഇത് ഗൂഢാലോചനയുടെ തുടര്‍ച്ചയാണെന്ന് സംശയിക്കണം. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ സ്വര്‍ണവേട്ട നടക്കില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News