അമ്പലപ്പുഴ താലൂക്ക് റവന്യു റിക്കവറി ഓഫീസിലെ ഇന്‍സ്ട്രക്ടര്‍ക്ക് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധം; അമല്‍ദേവ് മുമ്പും ലഹരി കേസില്‍ പ്രതി; എബ്രഹാം മാത്യുവിനെതിരേയും തെളിവ്; ഹോംസ്‌റ്റേ മയക്കുമരുന്ന് അന്വേഷണം സിനിമയിലേക്ക്
ആലപ്പുഴ: ഹോംസ്റ്റേയില്‍നിന്ന് ലഹരി വസ്തുക്കളുമായി റവന്യൂ ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം സിനിമ മേഖലയിലേക്ക്. പിടിയിലായ അമ്പലപ്പുഴ താലൂക്ക് റവന്യു റിക്കവറി ഓഫീസിലെ ഇന്‍സ്ട്രക്ടര്‍ ആലപ്പുഴ കൊറ്റംകുളങ്ങര മാളിയേക്കല്‍ സജേഷിന് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് സൂചന.
ഇയാള്‍ക്കൊപ്പം പിടിയിലായ കോഴിക്കോട് സ്വദേശി അമല്‍ദേവ് 2020ല്‍ 45 എല്‍എസ്ഡി സ്റ്റാമ്പുകളുമായി പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായിരുന്നു. പിടിയിലായ മൂന്നാമന്‍ കോട്ടയം കോടിമത സ്വദേശി എബ്രഹാം മാത്യു ലഹരിക്ക് അടിമയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തിന്റെ കേന്ദ്രം കൊച്ചിയാണെന്നും ചലച്ചിത്ര മേഖലയിലെ രാസലഹരി വ്യാപാരവുമായും ബന്ധമുണ്ടെന്നുമാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
മാരാരിക്കുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോംസ്റ്റേയില്‍നിന്ന് ഇവര്‍ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായത്. 20 ഗ്രാം കൊക്കെയ്ന്‍, ഏഴ് ലഹരി സ്ട്രിപ്പ് എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തു. എബ്രഹാം മാത്യു ഹോംസ്റ്റേ വാടകയ്ക്ക് നടത്തുകയായിരുന്നു.