ഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്; കൊലപാതകം എന്നുറപ്പിക്കാന്‍ ഇതിന് അപ്പുറം തെളിവൊന്നും വേണ്ട; സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി; അയാള്‍ 24 മണിക്കൂറും നിരീക്ഷത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അറസ്റ്റ്; അതുല്യയെ കൊലയ്ക്ക് കൊടുത്തവര്‍ കുടുങ്ങും

Update: 2025-07-22 03:30 GMT

ഷാര്‍ജ: ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനില്‍ അതുല്യ (30) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ ഷാര്‍ജാ പോലീസ് അറസ്റ്റു ചെയ്‌തേയ്ക്കും. കൊലപാതകമാണ് നടന്നതെന്ന സംശയം പോലീസിനുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തി തീരുമാനങ്ങളെടുക്കും. ഇതിനിടെ ഷാര്‍ജയിലെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൂടാതെ സതീഷിന്റെ പാസ്‌പോര്‍ട്ടും ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതുല്യ ശേഖറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരി അഖിലയും ഭര്‍ത്താവ് ഗോകുലും ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

സതീഷ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സൈറ്റ് എന്‍ജിനിയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സഹിതം വാര്‍ത്തകള്‍ വന്നതോടുകൂടിയാണ് കമ്പനി അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പാസ് പോര്‍ട്ട് അടക്കം പിടിച്ചെയുത്തത്. സതീഷിനെ പൂര്‍ണമായും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ അതുല്യയെ കൊന്നിട്ടില്ല എന്ന് സതീഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അതും അന്വേഷണത്തിന്റെ ഭാഗമാകും. മരണത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നുതന്നെയാണ് അതുല്യയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകളാകും കേസിന്റെ ഗതി നിര്‍ണയിക്കുക. ഈ റിപ്പോര്‍ട്ടുകള്‍ കിട്ടിയശേഷം നിയമനടപടികള്‍ ആലോചിക്കാനാണ് നിലവില്‍ ഷാര്‍ജയിലുള്ള സഹോദരിയും ബന്ധുക്കളും ആലോചിക്കുന്നത്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ക്കും മറ്റുമായി ഇനിയും ഏകദേശം നാല് ദിവസം എങ്കിലും എടുക്കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കൊപ്പം എത്തിയാണ് സഹോദരി ഷാര്‍ജാ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് സതീഷ് അതുല്യയെ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളായി വിഡിയോകളും ചിത്രങ്ങളും പൊലീസിനു കൈമാറി. ഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നലെ മുതല്‍ ജോലിക്കു പോകേണ്ട എന്റെ മോളാണ് ഇപ്പോള്‍ മരിച്ചു കിടക്കുന്നത്. ഒരു ജോലിക്കും അവന്‍ വിടില്ലായിരുന്നു, ഒരു വര്‍ഷം മുന്‍പു ഞാന്‍ ഷാര്‍ജയിലുള്ള സമയത്ത് സതീഷ് മര്‍ദിക്കുന്നെന്ന് കാണിച്ചു മകള്‍ വിളിച്ചു വരുത്തിയിരുന്നു. അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു. സതീഷിന്റെ ജോലിയും മറ്റും നഷ്ടപ്പെടുത്തേണ്ടെന്ന് കരുതിയാണ് ഷാര്‍ജയില്‍ പരാതി നല്‍കാതിരുന്നത്. പിന്നീട് അതുല്യ താമസിച്ചിരുന്ന ഇടത്തുനിന്ന് കരഞ്ഞു കാലുപിടിച്ചാണ് വീണ്ടും സതീഷ് കൂടെ കൊണ്ടുപോകുന്നത്-ഇതാണ് അതുല്യയുടെ അമ്മ പറയുന്നത്. മരണത്തില്‍ കേരളാ പൊലീസും വിശദമായ അന്വേഷണം നടത്തും. ഇതിനായി എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഷാര്‍ജയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അവിടത്തെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ് അന്വേഷണം നടക്കുക. അതുല്യയുടെ മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, സഹോദരി എന്നിവരില്‍ നിന്നും അന്വേഷണ സംഘം കൂടുതല്‍ വിവരങ്ങള്‍ തേടും.

ഭര്‍ത്താവ് ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അതുല്യയുടെ മൊബൈല്‍ഫോണ്‍ നാട്ടില്‍ കൊണ്ടുവന്ന് പരിശോധനയ്ക്കു വിധേയമാക്കും. ഷാര്‍ജ പൊലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഭര്‍ത്താവിനെ നാട്ടില്‍ എത്തിച്ചു ചോദ്യം ചെയ്യും. നേരത്തേ നാട്ടില്‍ വച്ച് അതുല്യ നേരിട്ട പീഡനങ്ങളും പരാതികളും കോടതിയിലെ കേസുകളും പരിശോധിക്കും. അതുല്യയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു. ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയല്‍ക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതുല്യയുടെ മൃതദേഹം ഷാര്‍ജ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇതിനിടെ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറയുകയുണ്ടായി.

Tags:    

Similar News