പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ? കെ എസ് ആര്‍ ടി സി ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി; കോഴിക്കോട് സ്വദേശി ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്

സവാദ് വീണ്ടും പിടിയില്‍

Update: 2025-06-20 18:17 GMT

മലപ്പുറം: രണ്ടുവര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സവാദ് എന്ന യുവാവിനെ ജയിലിന് പുറത്ത് സ്വീകരണം നല്‍കിയാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ യാത്രയാക്കിയത്. ഇപ്പോള്‍ സവാദ് വീണ്ടും ലൈംഗികാതിക്രമത്തിന് പിടിയിലായിരിക്കുകയാണ്. ഈ സംഭവവും ബസ്സില്‍ വച്ചുതന്നെ.

കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ഈ മാസം 14 ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതി നല്‍കിയ പരാതി. യുവതി അന്നുതന്നെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്. നെടുമ്പാശ്ശേരിയില്‍ ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയര്‍ന്നത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായിരുന്നു.

കെ.എസ്.ആര്‍.ടി.സി. ബസില്‍ തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന പരാതി. അങ്കമാലിയില്‍ നിന്ന് ബസില്‍ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു.

എന്നാല്‍, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ അന്ന് പങ്കുവെച്ചിരുന്നു.

യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം കിട്ടി ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ അസോസിയേഷന്റെ നേതൃത്വത്തില്‍ പൂമാലയിട്ട് സ്വീകരിച്ചത്.

Tags:    

Similar News