'ഓണ്‍ലൈന്‍ ജോബ് ഏജന്‍സി' ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ടത് 21കാരൻ; ആമസോൺ പാർട്ട് ടൈം പ്രമോഷനിൽ നിക്ഷേപം നടത്തിയാൽ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്‌ദാനം; മാനാട്ടുകുളത്തുകാരനിൽ നിന്നും തട്ടിയത് 11 ലക്ഷത്തിലധികം രൂപ; പിടിയിലായ മുഹമ്മദ് മിഥിലാജ് നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി

Update: 2025-11-07 10:49 GMT

തൃശൂർ: ആമസോൺ പാർട്ട് ടൈം പ്രമോഷൻ ജോലിയുടെ പേരിൽ 11 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മിഥിലാജ് (21) ആണ് തൃശൂർ റൂറൽ സൈബർ പോലീസ് സംഘത്തിന്റെ പിടിയിലായത്. വാട്‌സ്ആപ്പ്, ടെലഗ്രാം വഴിയാണ് ഇയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയത്.

മണ്ണാർക്കാടുനിന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ജോബ് ഏജൻസിയാണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം ലഭിക്കുമെന്നും വാഗ്ദാനം നൽകിയാണ് മിഥിലാജ് തട്ടിപ്പ് നടത്തിയത്. മാനാട്ടുകുളം സ്വദേശിയായ ഹരീഷ് രവീന്ദ്രനാഥിൽനിന്നാണ് ഇയാൾ 11,80,933 രൂപ ബാങ്ക് അക്കൗണ്ട് വഴി തട്ടിയെടുത്തത്. നിക്ഷേപിച്ച പണമോ ലാഭവിഹിതമോ തിരികെ നൽകാതിരുന്നതോടെയാണ് ഹരീഷ് പോലീസിൽ പരാതി നൽകിയത്.

ഈ കേസിലെ പരാതിക്കാരനില്‍നിന്നും തട്ടിയെടുത്ത പണത്തില്‍ ഉള്‍പ്പെട്ട അമ്പതിനായിരം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളില്‍ അക്കൗണ്ട് എടുപ്പിച്ച് അതിന്റെ പാസ് ബുക്കുകള്‍, എ ടി എം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാര്‍ഡുകള്‍ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപറ്റി സൈബര്‍ തട്ടിപ്പുകള്‍ നടത്തി.

മുഹമ്മദ് മിഥിലാജ് തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ ജോലി തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ തമിഴ്‌നാട്ടിലെ ചെന്നൈ സൗത്ത്, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലും കേസുകൾ നിലവിലുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. 

Tags:    

Similar News