ഗോഡൗണില്‍ കിടന്ന് ഗ്യാസ് സിലിണ്ടര്‍ നിറച്ച വാഹനത്തിനും സമീപത്തെ സ്‌കൂളിലെ ബസിനും തീവച്ച കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു; മുന്‍പും സമാന സംഭവങ്ങളില്‍ പ്രതി
തീവച്ച കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഗ്യാസ് ഗോഡൗണില്‍ കിടന്ന സിലിണ്ടര്‍ നിറച്ച വാഹനത്തിനും സമീപത്തെ സ്‌കൂളിലെ ബസിനും തീവച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ അമ്മകണ്ടകര കലാഭവനം ശ്രീജിത്ത് (ഉണ്ണി-27) ആണ് പിടിയിലായത്. മുന്‍പും സമാന സംഭവങ്ങളില്‍ പ്രതിയാണ് ഇയാള്‍. 2022 ല്‍ അടൂരില്‍ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ടിപ്പര്‍ ലോറിക്കും ഓട്ടോറിക്ഷയ്ക്കും തീ വച്ചിരുന്നു. ഇതു വരെ ഇയാള്‍ 10 വണ്ടികള്‍ കത്തിച്ചതായി പോലീസ് കണ്ടെത്തി.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി മാക്കാംകുന്നിലെ സരോജ് ഗ്യാസ് ഏജന്‍സിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോഡ് ചെയ്തു കിടന്ന വണ്ടിയ്ക്കും കരിമ്പനാക്കുഴിയിലെ എവര്‍ഷൈന്‍ സ്‌കൂളിലെ ബസിനുമാണ് പ്രതി തീ കൊളുത്തിയത്. ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ തക്ക സമയത്ത് കണ്ടതു കൊണ്ടു മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
ഒരേ സ്ഥലത്ത് ഒരേ രീതിയില്‍ രണ്ടു തീപിടുത്തങ്ങള്‍ ഉണ്ടായതില്‍ സംശയം തോന്നി ഫയര്‍ ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ രണ്ടിടത്തും ഒരാള്‍ തന്നെ വന്ന് തീവയ്ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തി. ഞായറാഴ്ച രാത്രി 11.10 നും ഇന്നലെ പുലര്‍ച്ചെ 12.30 നും മാക്കാംകുന്ന് ഭാഗത്തായിരുന്നു അതീവഗൗരവമേറിയ തീപിടുത്തം ഉണ്ടായത്.
മാക്കാംകുന്നില്‍ സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ് ഗ്യാസ് ഏജന്‍സി കോമ്പൗണ്ടിനുള്ളിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ വിതരണം ചെയ്യുന്നതിനുള്ള ഗ്യാസ് സിലിണ്ടര്‍ നിറച്ച് തയാറാക്കി നിര്‍ത്തിയിരുന്ന അശോക് ലൈലാന്‍ഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിനിലാണ് തീ കണ്ടത്. തീ ആളിപ്പടര്‍ന്നതോടെ അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ അഗ്‌നിശമന യന്ത്രവും
വെള്ളവും ഉപയോഗിച്ച് കെടുത്തി. വലിയ തീ പിടുത്തം തന്നെയാണ് വാഹനത്തിലുണ്ടായത്.
സമീപത്തെ കെട്ടിടത്തിന്റെ ഭിത്തിയില്‍ നോക്കിയാല്‍ തീ പിടുത്തത്തിന്റെ തീവ്രത വ്യക്തമാകുമെന്ന് അഗ്‌നിശമന സേനയിലെ ജീവനക്കാര്‍ പറഞ്ഞു. ഈ സമയം ഗ്യാസ് ഗോഡൗണില്‍ അഞ്ഞൂറോളം നിറച്ച ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നു. വാഹനത്തില്‍ പടര്‍ന്ന തീ പിന്നെ സിലിണ്ടറുകളിലേക്ക് വ്യാപിച്ചിരുന്നുവെങ്കില്‍ ഉഗ്രസ്ഫോടനം തന്നെ ഉണ്ടാകുമായിരുന്നുവെന്ന് ഫയര്‍ ഫോഴ്സ് അധികൃതര്‍ പറഞ്ഞു. ഇതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കരിമ്പനാക്കുഴി എവര്‍ഷൈന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചതായി ഫയര്‍ ഫോഴ്സിന് വിവരം ലഭിച്ചു. ഉടന്‍ തന്നെ സ്ഥലത്ത് ചെന്ന അഗ്‌നിശമനസേന ജീവനക്കാര്‍ തീയണച്ചു.
ബാറ്ററി ബന്ധം വിഛേദിച്ചു. രണ്ടു തീപിടുത്തങ്ങളും സാഹചര്യതെളിവുകളും ഇതിന്റെ രീതിയും കണ്ട് സംശയം തോന്നിയ ജില്ലാ ഫയര്‍ ഓഫീസര്‍ ബി.എം. പ്രതാപചന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടിന് ഉദ്യോഗസ്ഥര്‍ ഈ സ്ഥലങ്ങളില്‍ പരിശോധന നടത്തി. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 12.07 ന് ഒരാള്‍ സ്‌കൂള്‍ വാഹനത്തിന് തീയിടുന്നതായി കണ്ടെത്തി.