ചീറിപ്പാഞ്ഞ് ട്രെയിന്‍, നിര്‍ത്താതെ ഹോണടിച്ചു ലോക്കോ പൈലറ്റ്; ട്രാക്കില്‍ നിന്നും മാറാതെ ചേര്‍ന്നുനിന്ന് അമ്മയും മക്കളും; കോട്ടയത്തെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് സമാനമായ ജീവനൊടുക്കല്‍ ഹൈദരാബാദില്‍; തനിക്ക് ജീവിക്കാന്‍ ഇനി കൊതിയില്ല, ബന്ധുക്കള്‍ മാപ്പ് നല്‍കണം, മക്കളെ ഒപ്പം കൂട്ടിയത് അവര്‍ തനിച്ചാകാതിരിക്കാനെന്നും ആത്മഹത്യാ കുറിപ്പ്
ഹൈദരാബാദ്: കോട്ടയം പാറോലിക്കലില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ച സംഭവം കേരളത്തെ നടുക്കുന്നതായിരുന്നു. ഷൈനിയെന്ന യുവതിയാണ് മക്കളെ ഒപ്പം കൂട്ടി അന്ന് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിന് സമാനമായ ഞെട്ടിക്കുന്ന ആത്മഹത്യാ വാര്‍ത്തയാണ് ഹൈദരാബാദില്‍ നിന്നും പുറത്തുവന്നത്. അമ്മയും മക്കളും ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കുകായിയരുന്നു.
ചെര്‍ളാപ്പള്ളിയ്ക്കും ഗഡ്‌കേസറിനും ഇടയിലാണ് സംഭവം. ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചാണ് മൂവരും മരിച്ചത്. പിനിന്തി വിജയ ശാന്തി റെഡ്ഡി(38), മകള്‍ ചേതന റെഡ്ഡി(18), വിശാല്‍ റെഡ്ഡി(17) എന്നിവരാണ് മരിച്ചത്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ വിജയ മെഡ്ചാല്‍മല്‍കാജ്ഗിരി സ്വദേശിയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിയോടെ വീട്ടില്‍ നിന്നുമിറങ്ങിയ വിജയ നേരെ സ്‌കൂള്‍ ഹോസ്റ്റലിലെത്തി മക്കളെ കൂടെക്കൂട്ടി. തുടര്‍ന്ന് റെയില്‍വെ ട്രാക്കിലൂടെ അമ്മയും മക്കളും നടന്നുപോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഗുഡ്‌സ് ട്രെയിന്‍ ലോക്കോ പൈലറ്റ് മൂന്നുപേരെയും കണ്ടയുടന്‍ നിര്‍ത്താതെ ഹോണ്‍ അടിച്ചെങ്കിലും അമ്മയും മക്കളും ചേര്‍ന്നുനില്‍ക്കുകയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ കാറില്‍ നിന്നും വിജയ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. തനിക്ക് ജീവിക്കാന്‍ ഇനി കൊതിയില്ലെന്നും ബന്ധുക്കള്‍ മാപ്പ് നല്‍കണമെന്നും വിജയ കുറിപ്പില്‍ പറയുന്നു.
മക്കള്‍ തനിച്ചായിപ്പോകരുതെന്ന് കരുതിയാണ് അവരേയും ഒപ്പം കൂട്ടുന്നതെന്നും വിജയ പറയുന്നു. വിജയയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ദുബായിലായിരുന്ന, വിജയയുടെ ഭര്‍ത്താവ് സംഭവമറിഞ്ഞ് ഹൈദരാബാദിലെത്തി പൊലീസിനു മൊഴി നല്‍കി.
അതേസമയം കുടുംബത്തിന്റെ ആത്മഹത്യ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ഈ കുടുംബത്തിന് യാതൊരു വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായി വിവരമില്ല. മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ കുടുംബത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും അയല്‍ക്കാരും പറയുന്നു. മൂന്നുപേരുടേയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സെക്കന്തരാബാദിലെ ആശുപത്രിയിലെക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പം കേസ് റജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണവും ആരംഭിച്ചു.
