മൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്‌കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്‍
മൂന്നുവയസുകാരി കല്യാണിക്കായി തിരച്ചില്‍ തുടരുന്നു
കൊച്ചി: ആലുവയില്‍ കാണാതായ മൂന്നുവയസുകാരി കല്യാണിക്കായി തിരച്ചില്‍ തുടരുന്നു.അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യവേയാണ് കാണാതായത്. അമ്മയും കുട്ടിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചു. ഇവിടെ പുഴയിലും പാലത്തിനുസമീപത്തും തിരച്ചില്‍ തുടരുന്നു. തിരച്ചിലിനായ് സ്‌കൂബാ ടീമും എത്തും. മറ്റിടങ്ങളിലെ തിരച്ചില്‍ അവസാനിപ്പിച്ചു.
മൂഴിക്കുളം പാലത്തിന് താഴെ പുഴയില്‍ തിരച്ചിലിനാണ് സ്‌കൂബാ ടീമെത്തുന്നത്. പുഴയ്ക്ക് ആഴമുണ്ട് ,ഒഴുക്കില്ലെന്ന് സ്ഥലം പരിശോധിച്ച ഡിവൈഎസ്പി പറഞ്ഞു. കാണാതാകുമ്പോള്‍ കുട്ടി പിങ്ക് ഉടുപ്പും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്. അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് കു്ട്ടിയെ തേടിയുള്ള അന്വേഷണത്തില്‍ വെല്ലുവിളിയായത്.
മാള-ആലുവ റൂട്ടില്‍ മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് നടന്നുവെന്നാണ് അമ്മയുടെ ഒടുവിലത്തെ മൊഴി. കുട്ടിയെ പുഴയില്‍ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോയെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. തന്റെ വാഹനത്തില്‍ കയറുമ്പോള്‍ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്ഥിരീകരിച്ചത് കേസില്‍ നിര്‍ണായകമായി. ബന്ധുക്കള്‍ നല്‍കിയ വിവരമനുസരിച്ച്, അമ്മ വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല. കുടുംബപ്രശ്‌നങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കള്‍ സൂചിപ്പിച്ചു.
അമ്മയുടെ ആദ്യ മൊഴിയില്‍ ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് മൊഴി നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ആലുവ മൂഴിക്കുളം ഭാഗത്ത് പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് കനത്ത മഴയെ അവഗണിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്.
അമ്മ നല്‍കിയ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയില്‍ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ഏഞ്ചല്‍ എന്ന ബസില്‍ നിന്ന് ഇറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. ബസില്‍ നിന്ന് ഇരുവരും ഇറങ്ങി പുഴയരികിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആലുവ ഡിവൈഎസ്പി നല്‍കിയ വിവരമനുസരിച്ച്, അമ്മ കുട്ടിയുമായി പുഴയരികില്‍ വരെ എത്തിയിട്ടുണ്ട്.
കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാല്‍ അമ്മയെ ചെങ്ങമനാട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായി കുടുംബക്കാര്‍ പറയുന്നു. അമ്മ കുട്ടിയെ അപകടത്തിലാക്കാനുള്ള സാധ്യതയുണ്ടോ എന്നും പൊലീസ് പരിശോധിച്ചിരുന്നു. ഇക്കാര്യം തന്നെയാണ് കുട്ടിയുടെ അച്ഛനും പോലീസിനോട് പറയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിലും പെണ്‍കുട്ടിയ്ക്കായി പട്രോളിങ് നടത്തുന്നുണ്ട്. നീല ജീന്‍സും പിങ്ക് ഉടുപ്പുമാണ് കാണാതാകുമ്പോള്‍ കല്യാണി ധരിച്ചിരുന്നത്. 3.30നാണ് അങ്കണവാടിയില്‍ നിന്നും കല്യാണിയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് തിരിച്ചതെന്നും അമ്മ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ ഉപേക്ഷിച്ചതാണെന്ന് അമ്മ പിന്നീട് മൊഴി മാറ്റുകയായിരുന്നു.
കുടുംബപരമായി പ്രശ്നങ്ങള്‍ നിലവിലുള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരെയും തിരുവാങ്കുളം വരെ എത്തിച്ചത് ഓട്ടോയിലാണ്.