2012 ല്‍ കാണാതായ ഐഷയെ 2016ല്‍ റോസമ്മ കണ്ടു! നെറ്റി ഇട്ട റോസമ്മയെ മാധ്യമങ്ങള്‍ പൊതിഞ്ഞപ്പോള്‍ തലകറക്കം; വീട്ടിനള്ളില്‍ കയറി കതകടച്ചത് ചുരിദാര്‍ ഇടാന്‍; പുറത്തിറങ്ങി എല്ലാം മണി മണി പോലെ നിഷേധിച്ച കോഴി ഫാം ഉടമ; എല്ലാം ഡിഎന്‍എ ഫലം നിര്‍ണ്ണയിക്കും; സെബാസ്റ്റ്യന്‍ ഒളിച്ചു കളിക്കുമ്പോള്‍
ചേര്‍ത്തല: ദുരൂഹ സാഹചര്യത്തില്‍ മൂന്നു സ്ത്രീകളെ കാണാതായ കേസില്‍ ഡി എന്‍ എ ഫലം നിര്‍ണ്ണായകം. പ്രതി സെബാസ്റ്റന്റെ വീട്ടില്‍ നിന്നും കിട്ടിയ മൃതദേഹാ അവശിഷ്ടങ്ങള്‍ കാണാതായ സ്ത്രീകളുടേതാണെന്ന് ഉറപ്പിക്കാനായില്ലെങ്കില്‍ അന്വേഷണ സംഘം പ്രതിസന്ധിയിലാകും. ഡിഎന്‍എ ഫലം എന്താകുമെന്നത് നിര്‍ണ്ണായകമാണ്. സെബാസ്റ്റ്യന്‍ അന്വേഷണത്തോടെ സഹകരിക്കാത്തതും ഇതു കൊണ്ടാണെന്നാണ് വിലയിരുത്തല്‍. ജെയ്‌നമ്മ കേസിലെ നിര്‍ണായകമായ ജെയ്‌നമ്മയുടെ ഫോണ്‍ കണ്ടെത്തുക എന്ന പ്രധാന ആവശ്യത്തിലാണ് സെബാസ്റ്റ്യനെ വീണ്ടും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
വെള്ളിയാഴ്ച ഫോണിനായി ചേര്‍ത്തലയിലും പള്ളിപ്പുറത്തും ഈരാറ്റുപേട്ടയിലും സെബാസ്റ്റ്യന്റെ ഭാര്യാ വീട്ടിലുമടക്കം സംഘം തെരച്ചില്‍ നടത്തി. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് ഇതു റീച്ചാര്‍ജു ചെയ്ത കടകളിലെല്ലാം സംഘമെത്തി വിവരങ്ങള്‍ തേടി. ജൂലൈ 19 വരെ ഫോണ്‍ ഇയാളുടെ കൈകളിലുണ്ടായിരുന്നതായി തെളിവു കിട്ടിയിരുന്നു. 19ന് ഈരാറ്റുപേട്ടയില്‍ നൈനാന്‍പള്ളിക്കു സമീപമുള്ള മൊബൈല്‍ കടയില്‍ നിന്നും ജെയ്‌നമ്മയുടെ നമ്പരില്‍ 99 രൂപയ്ക്ക് റീചാര്‍ജ് ചെയ്തത് സൈബര്‍സഹായത്താലും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇതിനു ശേഷമാണ് ഫോണ്‍ അപ്രത്യക്ഷമായിരിക്കുന്നത്. ഈ ഫോണില്‍ പല തെളിവും കാണും. ഈ സാഹചര്യത്തിലാണ് ഇത് നശിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
കാണാതായ ഘട്ടത്തില്‍ ജെയ്‌നമ്മ പള്ളിപ്പുറത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയതായും സംഘം കണ്ടെത്തി. സമീപത്തെ വീട്ടിലെത്തിയതെന്നാണ് ഇവര്‍ അറിയിച്ചത്. ഇവരുടെ പഴ്‌സും മരുന്നും വാച്ചുമടക്കം അടുപ്പിലിട്ടു കത്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെയെല്ലാം അവശിഷ്ടങ്ങള്‍ സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതേസമയം ഹയറുമ്മ (ഐഷ) കേസില്‍ ചേര്‍ത്തല പോലീസും പുനരന്വേഷണം തുടങ്ങി.സ്റ്റേഷന്‍ ഓഫീസര്‍ ജി.അരുണിണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘം ഐഷയുടെ കൂട്ടുകാരികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ചിലരെ സ്റ്റേഷനിലേക്കു വിളിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ക്കു ശേഷം റോസമ്മയടക്കമുള്ളവരെ വിശദമായി ചോദ്യം ചെയ്യും. റോസമ്മയ്ക്ക് ഈ കേസില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.
റോസമ്മയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഐഷയുടെ ബന്ധുക്കള്‍ എത്തിയിരുന്നു. സെബാസ്റ്റ്യന്‍ റോസമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും ഐഷയെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു സെബാസ്റ്റ്യനു പരിചയപ്പെടുത്തിക്കൊടുത്തതു റോസമ്മയാണെന്നും ഐഷയുടെ സഹോദരന്റെ മകന്‍ എം.ഹുസൈന്‍ പറഞ്ഞു. ''പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരിയായിരുന്ന ഐഷ വിരമിച്ച ശേഷം 2011ലാണ് ചേര്‍ത്തല ശാസ്താംകവലയിലെ സഹോദരന്റെ വീട്ടിലെത്തുന്നത്. ഇതിനു സമീപം 3 സെന്റ് സ്ഥലം വാങ്ങി തനിച്ചു താമസം തുടങ്ങി. ഭര്‍ത്താവ് നേരത്തേ മരിച്ചിരുന്നു. മക്കള്‍ വിവാഹിതരായി മറ്റൊരിടത്തായിരുന്നു താമസം. റോസമ്മ വഴിയാണു സ്ഥലം വാങ്ങിയത് പിന്നീട് റോസമ്മയും ഐഷയും അടുപ്പത്തിലായി. അങ്ങനെയാണ് റോസമ്മയുടെ സുഹൃത്തായ സെബാസ്റ്റ്യനെ ഐഷ പരിചയപ്പെടുന്നത്. അധികം വൈകാതെ ഐഷയെ കാണാതായി.
എന്നാല്‍ ഐഷയെ തനിക്കു പരിചയപ്പെടുത്തിയത് സെബാസ്റ്റ്യനാണെന്നാണ് റോസമ്മ പറഞ്ഞത്. ഐഷയെ കാണാതായ വിവരം റോസമ്മ തങ്ങളെ അറിയിക്കുന്നതു നാലു ദിവസങ്ങള്‍ക്കു ശേഷമായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. സെബാസ്റ്റ്യനുമായി ഐഷയ്ക്കുണ്ടായിരുന്ന പരിചയം റോസമ്മ മറച്ചു വച്ചതിനാല്‍ ഈ ദിശയില്‍ അന്വേഷണം നടന്നില്ല. കാണാതാകുമ്പോള്‍ ഐഷയുടെ ഫോണ്‍ സിഗ്നല്‍ പളളിപ്പുറത്തായിരുന്നെന്നു സൂചന ലഭിച്ചിരുന്നെങ്കിലും ഇതും പരിശോധിച്ചില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
2012 മേയ് 13നാണ് ഐഷയെ കാണാതായെന്നു ബന്ധുക്കള്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ 2016 ഓഗസ്റ്റ് 15ന് ഐഷയും സെബാസ്റ്റ്യനും കൂടി തന്റെ വീടിനു സമീപത്ത് ഇപ്പോള്‍ കോഴിഫാമിന്റെ ഷെഡ് ഉള്ള സ്ഥലം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു വൃത്തിയാക്കിയെന്നു റോസമ്മ പറയുന്നു. ഈ കാര്യം മാധ്യമങ്ങളോടും റോസമ്മ ആവര്‍ത്തിച്ചു. 2012 ല്‍ കാണാതായ ഐഷയെ എങ്ങനെയാണ് 2016ല്‍ റോസമ്മ കണ്ടുവെന്നാണ് ബന്ധുക്കളുടെ ചോദ്യം.
റോസമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഐഷയ്ക്കു വില്‍പന നടത്താമെന്നു സെബാസ്റ്റ്യനും റോസമ്മയും വാഗ്ദാനം നല്‍കിയിരുന്നുവെന്നും ഇതിനായി ഐഷ പണം സംഘടിപ്പിച്ചിരുന്നുവെന്നും ഇതിനു ശേഷമാണ് ഇവരെ കാണാതായെന്നും ആരോപണമുണ്ട്. കാണാതായ ശേഷവും ഐഷയുടെ ഫോണില്‍ നിന്ന് തനിക്ക് കോളുകള്‍ വന്നിരുന്നതായി റോസമ്മ പറയുന്നു. കോള്‍ എടുക്കാത്തതിനാല്‍ വിളിച്ചത് സെബാസ്റ്റ്യനാണോ ഐഷയാണോ എന്നറിയില്ല. സെബാസ്റ്റ്യന്‍ തന്നെ വിവാഹം ആലോചിച്ചിരുന്നതായും റോസമ്മ പറഞ്ഞു. ആദ്യ ഭര്‍ത്താവിന്റെ മരണശേഷമാണു റോസമ്മ ശാസ്താംകവല സ്വദേശിയായ അധ്യാപകനെ വിവാഹം ചെയ്തത്. ഇദ്ദേഹവും മരിച്ചതോടെ ഇവര്‍ തനിച്ചാണു താമസം.
ഐഷയുടെ തിരോധാനം അന്വേഷിക്കുന്ന ചേര്‍ത്തല പൊലീസ് റോസമ്മയുടെ മൊഴിയെടുത്തിരുന്നു. അന്ന് നാടകീയ സംഭവങ്ങളാണ് ഉണ്ടായത്. അന്ന് മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി അടുത്തെത്തിയപ്പോള്‍ തനിക്കു തല കറങ്ങുന്നുവെന്നും അല്‍പസമയം ഇരിക്കണമെന്നും പറഞ്ഞു വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ചു. ഇതോടെ പൊലീസ് അടക്കം ഭയന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ജനാലയ്ക്കരികിലും അടുക്കള വാതിലിനടുത്തു ചെന്നു നോക്കി. എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് അറിയാനായിരുന്നു ഇത്. അല്‍പസമയത്തിനകം ധരിച്ചിരുന്ന നൈറ്റി മാറ്റി ചുരിദാര്‍ ധരിച്ചു റോസമ്മ പുറത്തുവന്നു മാധ്യമങ്ങളോടു പ്രതികരിക്കുകയും എല്ലാം നിഷേധിക്കുകയും ചെയ്തു. ഇതെല്ലാം പോലീസിനെ പലവട്ടം ചിന്തിപ്പിക്കുന്നുണ്ട്.