'കിടക്ക മോശമാണ്, അതുകൊണ്ട് നല്ല ഉറക്കം കിട്ടുന്നില്ല; കാലു നീരുവെച്ചതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്; നിയമസഹായത്തിനായി സ്വന്തം നിലയില്‍ അഭിഭാഷകനെ വെച്ചുകൊള്ളാം'; പോലീസിനെ വട്ടംകറക്കുമ്പോഴും സെബാസ്റ്റ്യന്‍ കോടതിയില്‍ വെരി കൂള്‍; 'ജെയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന്' എന്ന് സമ്മതവും
'കിടക്ക മോശമാണ്, അതുകൊണ്ട് നല്ല ഉറക്കം കിട്ടുന്നില്ല
ഏറ്റുമാനൂര്‍: ജെയ്‌നമ്മ തിരോധാന കേസിലെ അന്വേഷണ സംഘത്തിന് കൃത്യമായ മൊഴികള്‍ നല്‍കാതെ വട്ടം ചുറ്റിക്കുമ്പോഴും പ്രതി സെബാസ്റ്റ്യന്‍ ഒരു കുലുക്കവുമില്ലാത്ത വ്യക്തിയാണ്. തനിക്ക് ചുറ്റും ഒന്നിലേറെ കൊലപാതക കേസുകളാണ് ഒരുങ്ങുന്നത് എന്ന് അറിഞ്ഞിട്ടും യാതാരു കൂസലുമില്ല സെബാസ്റ്റ്യന്. കോടതിയില്‍ കൂളായി തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു സെബാസ്റ്റ്യന്‍. ശാരീരിക ബുദ്ധിമുട്ടുകള്‍ കോടതിയില്‍ എടുത്തു പറയുകയാണ് ഉണ്ടായത്.
കടുത്ത ക്ഷീണവും മറ്റു ശാരീരിക ബുദ്ധിമുട്ടും കൊണ്ട് അവശനാണെന്ന് ജെയ്‌നമ്മ തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യന്‍ കോടതിയില്‍ ബോധിപ്പിച്ചു. കാലു നീരുവച്ചിരിക്കുന്നതിനാല്‍ നടക്കാനും മറ്റും ബുദ്ധിമുട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷന്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് നല്‍കിയ കിടക്ക മോശമാണെന്നും ഉറക്കം കിട്ടുന്നില്ലെന്നും പറഞ്ഞ സെബാസ്റ്റ്യന്‍ മറ്റൊരു കിടക്ക വേണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.
നിയമസഹായം വേണോ എന്നു കോടതി ചോദിച്ചു. സ്വന്തം നിലയില്‍ അഭിഭാഷകനെ വച്ചുകൊള്ളാമെന്നായിരുന്നു മറുപടി. പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്ത് എല്ലാ ദിവസവും വൈദ്യസഹായം ലഭ്യമാക്കണമെന്നും മരുന്ന്, ഭക്ഷണം, വെള്ളം തുടങ്ങിയവ കൃത്യമായി നല്‍കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനു കോടതി നിര്‍ദേശം നല്‍കി.
അതേസമയം ജെയ്‌നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചിച്ചുണ്ട്. അതാണ് അന്വേഷണ സംഘത്തിന് ലഭിച്ച പുരോഗതി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജയ്‌നമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞത്. ഒരു പ്രാര്‍ത്ഥന സംഘത്തില്‍ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍ തിരോധനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ മറുപടി പറഞ്ഞിട്ടില്ല.
സെബാസ്റ്റ്യന്‍ നല്‍കുന്ന പരസ്പര വിരുദ്ധ മൊഴികള്‍ അന്വേഷണത്തെ വഴിതെറ്റിക്കാനെന്ന് പൊലീസ് വിലയിരുത്തുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. 2012 നു ശേഷം സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകളിലൂടെ നടത്തിയിട്ടില്ല. പണം കയ്യില്‍ കൊണ്ട് നടന്നാണ് കാര്യങ്ങള്‍ നടത്തിയിരുന്നതെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടു.
ബിന്ദു തിരോധാനത്തിനു ശേഷമാണ് സെബാസ്റ്റ്യന്‍ ഈ നീക്കം നടത്തിയത്. ഇതിനിടെ കോട്ടയത്തെ സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പരിശോധന നടത്തി. വീട്ടുമുറ്റത്തുണ്ടായിരുന്ന കാറില്‍ നിന്നും കത്തിയും ഡീസല്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന ക്യാനും കണ്ടെത്തിയിരുന്നു. ഇതിന്റെ ഫോറന്‍സിക് പരിശോധന നടന്നുവരികയാണ്. മാസങ്ങള്‍ക്ക് മുമ്പ് സെബാസ്റ്റ്യന്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതാണ് ഈ വാഹനം. ആറു വര്‍ഷത്തെ ഇടവേളകളിലാണ് സ്ത്രീകളെ കാണാതായത്. ഇതിന്റെ പിന്നിലെ കാരണവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
സെബാസ്റ്റ്യനെ കോടതി ഏഴു ദിവസത്തേക്കു കൂടി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്. സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് ജെയ്‌നമ്മയുടേതാണോയെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനാഫലവും മറ്റു രാസപരിശോധനാഫലങ്ങളും ലഭിക്കേണ്ടതുണ്ട്. ജെയ്‌നമ്മയുടെ ഫോണ്‍ കണ്ടെത്തണം. പ്രതിയുടെ മൊഴികളില്‍ പലതും വിശ്വസിക്കാവുന്നതല്ലെന്നും ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ടെലിഫോണ്‍ വിളികളും പ്രതി സെബാസ്റ്റ്യന്‍ തന്നെയെന്നു തെളിയിക്കുന്നതാണ്. പക്ഷേ, ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും അന്വേഷണ സംഘത്തോടു പ്രതി സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. മൂന്നുസ്ത്രീകളുടെ തിരോധാന കേസിലാണ് സെബാസ്റ്റിയന് പങ്കുണ്ടെന്ന് പരിശോധിക്കുന്നത്. മുന്‍പ്, പോലീസ് കസ്റ്റഡിയിലായപ്പോഴും സെബാസ്റ്റ്യന് പുറത്തുനിന്ന് വലിയ സാമ്പത്തികസഹായം ലഭിച്ചതായാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. വസ്തു ഇടപാടുകളിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച സമ്പത്ത് വിശ്വസ്തരായ പലരും വഴിയാണ് സെബാസ്റ്റ്യന്‍ ചെലവിടുന്നതെന്നു പറയുന്നു.
കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയ്യാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍. ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ(ഐഷ-62)യെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ സ്ത്രീയാണ് സ്ഥലംവില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഹയറുമ്മയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഹയറുമ്മയെ കാണാതായത്. സെബാസ്റ്റ്യന്റെ വിശ്വസ്തയും ആത്മസുഹൃത്തുമായ അയല്‍വാസി സ്ത്രീയുടെ ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും സംശയകരമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇവരും പോലീസ് നിരീക്ഷണത്തിലാണ്.