അനില പോലീസിന്റെ നോട്ടപ്പുള്ളി; കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ല; ചേസിങ്ങിലൂടെ വളഞ്ഞു പിടിച്ചു; കാറില്‍ നിന്നും പിടികൂടിയത് മൂന്ന് ലക്ഷത്തിന്റെ എംഡിഎംഎ; മെഡിക്കലിന് എത്തിച്ചപ്പോള്‍ യുവതിയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും ലഹരി; ആകെ കിട്ടിയത് 90.45 ഗ്രാം രാസ ലഹരി; ഡി ഹണ്ടില്‍ ഇടവെട്ടത്തുകാരി കുടുങ്ങിയപ്പോള്‍
കൊല്ലം: മൂന്ന് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി യുവതി പൊലീസ് പിടിയിലായി. അഞ്ചാലുംമൂട് പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് കൊല്ലം സിറ്റി ഡാന്‍സാഫ് ടീമും ശക്തികുളങ്ങര പൊലീസും നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും യുവതിക്ക് മയക്കുമരുന്ന് നല്‍കിയവരെക്കുറിച്ചും, കൊല്ലത്ത് ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയവരെക്കുറിച്ചുമടക്കം അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കര്‍ണാടകയില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് കൊല്ലം നഗരത്തിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു യുവതിയുടെ പദ്ധതി. ഇക്കാര്യം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപകമായ പരിശോധന ആരംഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗര പരിധിയില്‍ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാര്‍ കാണപ്പെട്ടു.
യുവതിയുടെ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വാഹനം ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ആല്‍ത്തറമൂട് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനത്തെ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് കാറില്‍ ഉളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. കാറിനകത്ത് സൂക്ഷിച്ച നിലയിലായിരുന്ന ലഹരി പോലീസിന് ലഭിച്ചു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ വീണ്ടും എംഡിഎംഎ പിടികൂടി.
യുവതിയുടെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. 40.45 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഇതോടെ മൊത്തം 90.45 ഗ്രാം എംഡിഎംഎയാണ് അനിലയില്‍ നിന്ന് ആകെ പിടികൂടിയത്. ഈ മാസം മാത്രം കൊല്ലം സിറ്റി പൊലീസ് നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണ് ഇത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണവും പൊലീസ് നടത്തുകയാണ്.