കൊച്ചിയില്‍ പഠിക്കുന്ന മകനുമായി ഫോണില്‍ സംസാരിച്ചത് വെള്ളിയാഴ്ച; രാത്രിയിലും പ്രിയ വീഡിയോ അപ്ലോഡ് ചെയ്തു; രണ്ടു ദിവസം കഴിഞ്ഞ് മകന്‍ എത്തുമ്പോള്‍ കണ്ടത് മരണം; പാറശാലയില്‍ യുട്യൂബറും ഭര്‍ത്താവും വീടിനുള്ളില്‍ മരിച്ചനിലയില്‍; മൃതദേഹത്തിന് 2 ദിവസം പഴക്കം

Update: 2024-10-27 04:55 GMT

തിരുവനന്തപുരം: പാറശ്ശാലയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നില്‍ ദരൂഹത. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് വിശദ അന്വേഷണം നടത്തും.

സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രിയ യുട്യൂബറുമാണ്. വെള്ളിയാഴ്ച രാത്രിയിലും ഒരു പാട്ട് അപ്ലോഡ് ചെയ്തിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകനുമായി വെള്ളിയാഴ്ച ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. മകന്‍ നാട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗേറ്റ് അടച്ച നിലയിലായിരുന്നു. വാതിലുകള്‍ തുറന്ന നിലയിലായിരുന്നു. ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ആത്മഹത്യയെന്നാണ് പാറശാല പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയെ കൊന്ന ശേഷം സെല്‍വരാജ് ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം. എന്നാല്‍ വീടിന്റെ വാതിലുകള്‍ തുറന്നു കിടന്നത് നാട്ടുകാരുടെ സംശയം കൂട്ടുന്നുണ്ട്. സിസിടിവിയും മറ്റും പോലീസ് വിശദമായി പരിശോധിക്കും. മരണ കാരണം കണ്ടെത്താനും ശ്രമിക്കും.

കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് സെല്‍വരാജ്. പ്രിയ യുട്യൂബിലും മറ്റും വീഡിയോ അപ് ലോഡ് ചെയ്യുമായിരുന്നു. സെല്‍വരാജും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുടുംബ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

Tags:    

Similar News