'നല്ല വയറുവേദന ഉണ്ട്..; പ്ലീസ് സഹായം വേണം..!'; രാത്രി ട്രെയിൻ യാത്രക്കിടെ ഹെൽപ് ലൈനിൽ വിളിച്ച് ഡോക്ടർ; പിന്നാലെ അടുത്ത സ്റ്റേഷനിലെ ഒരാളുടെ എൻട്രിയിൽ ട്വിസ്റ്റ്; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് റെയിൽവേ

Update: 2025-07-06 16:30 GMT

പട്ന: രാത്രി ട്രെയിൻ യാത്രക്കിടെ ഹെൽപ് ലൈനിൽ വിളിച്ച ഡോക്ടറുടെ ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഡൽഹി -പട്ന തേജസ് രാജ്ധാനി എക്സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഒരു മുതിർന്ന സർക്കാർ ഡോക്ടർക്ക് യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ചികിത്സ നൽകിയതായി പരാതി. യാത്രക്കാരിയായ ഒരു ഡോക്ടറാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലാ ആശുപത്രിയിലെ നേത്രവിഭാഗം മേധാവിയായ ഡോ. ദിവ്യ, ശനിയാഴ്ച പട്നയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

യാത്രയ്ക്കിടെ അവർക്ക് വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തര വൈദ്യസഹായം ആവശ്യപ്പെട്ട് റെയിൽവേ ഹെൽപ്‌ലൈൻ 139-ലേക്ക് വിളിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിൽ പറയുന്നു.

ദിവ്യ പറയുന്നത് ഇങ്ങനെ.. നോർത്ത് സെൻട്രൽ റെയിൽവേയിലെ (NCR) പ്രയാഗ് രാജ് ഡിവിഷനിലെ ഒരു ഉദ്യോഗസ്ഥൻ തിരികെ വിളിച്ച്, വൈദ്യസഹായം വേണമെങ്കിൽ ഫീസ് നൽകേണ്ടിവരുമെന്ന് അറിയിച്ചു. ഓക്കെ പറഞ്ഞതോടെ, രാത്രി കാൺപൂർ സെൻട്രൽ സ്റ്റേഷനിൽ വെച്ച് ഒരാൾ ചികിത്സിക്കാനെത്തി. യോഗ്യതയുള്ള ഡോക്ടർക്ക് പകരം ടെക്നിക്കൽ ജീവനക്കാരനായിരുന്നു ചികിത്സിക്കാൻ എത്തിയത്.

തനിക്ക് വയറ്റിലെ അസ്വസ്ഥതയാണ് ബുദ്ധിമുട്ടെന്ന് പറഞ്ഞിട്ടും, അദ്ദേഹം ഒരു ആന്റിബയോട്ടിക് മരുന്ന് നൽകി. ഞാൻ ഒരു മുതിർന്ന മെഡിക്കൽ പ്രൊഫഷണലാണെന്ന് പരിചയപ്പെടുത്തുകയും ചികിത്സയെക്കുറിച്ച് ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ അയാൾ പിന്നെ മിണ്ടിയില്ലെന്നും ഡോ. ദിവ്യ പറഞ്ഞു. ഇത്രയുമായിട്ടും പരിശോധിച്ചതിന് 350 രൂപയും മരുന്നിന് 32 രൂപയും അടയ്ക്കാൻ അയാൾ നിർബന്ധിച്ചതായും ഡോക്ടർ വെളിപ്പെടുത്തി. ചികിത്സാ ഫീസിനായി രസീത് നൽകിയില്ലെന്നും, മരുന്നിന്റെ, ബിൽ ഒരു ഇൻസ്റ്റന്റെ് മെസേജിങ് പ്ലാറ്റ്‌ഫോം വഴി മാത്രമാണ് ലഭിച്ചതെന്നും ഡോ. ദിവ്യ വ്യക്തമാക്കി.

അതേസമയം, ആരോപണങ്ങളോട് റെയിൽവേ പ്രതികരിച്ചു. നോര്‍ത്ത് സെൻട്രൽ റെയിൽവേയുടെ (എൻസിആര്‍) മുഖ്യ പബ്ലിക് റിലേഷൻസ് ഓഫീസർ ശശി കാന്ത് ത്രിപാഠി ഇത് സംബന്ധിച്ച് ഞായറാഴ്ച പ്രസ്താവനയിറക്കി. റെയിൽവേ ബോർഡ് ട്രെയിനിലെ രോഗികളെ സന്ദർശിക്കുന്ന ഡോക്ടർക്ക് 100 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ടെന്നും, 350 രൂപ ഫീസ് നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽവേ ഈ വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഡോ. ദിവ്യ റെയിൽവേ ബോർഡിനും എൻസിആര്‍ അധികൃതർക്കും ഓൺലൈനിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    

Similar News