മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടി
മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി;
തിരുവനന്തപുരം: തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടിയായി മാസപ്പടി കേസ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ)യുടെ കുറ്റപത്രം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒ അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് നിര്‍ണായകമായ ഈ വാര്‍ത്ത പുറത്തുവിട്ടത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ നേരിടേണ്ടി വരും. ഇത് മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിനും രാഷ്ട്രീയമായും വലിയ തിരിച്ചടിയാണ്. വീണയുടെ വിചാരണാ നടപടികള്‍ ഉടന്‍ തുടങ്ങിയാല്‍ അത് കേരളത്തിലെ പൊതുമണ്ഡലത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴിവെക്കും.
മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് അനുമത നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വീണയ്ക്കും എക്‌സലോജിക്കിനും 2.70 കോടി രൂപയാണ് അനധികൃതമായി കിട്ടിയത്. സിഎംആര്‍എല്ലില്‍ നിന്നും എംപവര്‍ ഇന്ത്യ എന്ന കമ്പനിയില്‍ നിന്നുമാണ് ഈ പണം കൈപ്പറ്റിയത്. ശശിധരന്‍ കര്‍ത്തയും ഭാര്യയുമാണ് എംപവര്‍ ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് വീണ തൈക്കണ്ടിക്കും, ശശിധരന്‍ കര്‍ത്തയ്ക്കും എക്‌സലോജിക്കിനും സിഎംആര്‍എല്ലിനും എതിരെ കമ്പനികാര്യ ചട്ടം 447 വകുപ്പ് ചുമത്തിയത്. ആറ് മാസം മുതല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. വെട്ടിപ്പ് നടത്തിയ തുകയോ, അതിന്റെ മൂന്നിരട്ടിയോ പിഴയായും ചുമത്താം.
പ്രോസിക്യൂഷന്‍ അപേക്ഷ കിട്ടിയതോടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി വഴി വിചാരണ നടപടികള്‍ തുടങ്ങും. ഇത് രാഷ്ട്രയമായി വലിയ വിവാദങ്ങളിലേക്കം വഴിവെക്കും. കുറ്റപത്രം സമര്‍പ്പിച്ചതോടെ വീണ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സമന്‍സ് അയക്കും. ശശിധരന്‍ കര്‍ത്തയ്ക്കും സിഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതേസമയം സിഎംആര്‍എല്ലിലെ കേസ് മുന്നോട്ടു വെച്ചാല്‍ അതില്‍ വലിയ രാഷ്ടീയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചേക്കും.
182 കോടിയുടെ രൂപയുടെ വെട്ടിപ്പ് സിഎംആറെല്ലില്‍ നടന്നെന്നാണ് കണ്ടെത്തല്‍. ഇല്ലാത്ത ചെലവുകള്‍ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകള്‍ തയാറാക്കിയായിരുന്നു വെട്ടിപ്പ്. ഈ പണം കൈപ്പറ്റിയവരില്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവരുണ്ട്. നിപുണ ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴിയാണ് വെട്ടിപ്പ് നടത്തിയത്. ഈ രണ്ട് കമ്പനികളുടേയും ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളാണ്.
2024 ജനുവരിയില്‍ തുടങ്ങിയ അന്വേഷണത്തിലാണ് 14 മാസങ്ങള്‍ക്ക് ശേഷം ഏറ്റവും പ്രധാനപ്പെട്ട നീക്കം. ആദ്യം ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡും പിന്നെ ആര്‍ഒസിയും ശരിവെച്ച മാസപ്പടിയാണ് ഇപ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണത്തിലും തെളിയുന്നത്. സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഇനി നേരിടേണ്ടിവരുമെന്നതാണ് ഇനി നിര്‍ണ്ണായകം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തിരുന്നു. ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്.എഫ്.ഐ.ഒ.) ഹാജരായാണ് വീണ മൊഴി നല്‍കിയത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
മാസപ്പടിക്കേസില്‍ തനിക്ക് ബന്ധമില്ലെന്നായിരുന്നു വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോര്‍പ്പറേഷനുകീഴിലെ സി.എം.ആര്‍.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എസ്.എഫ്.ഐ.ഒയ്ക്കായിരുന്നു അന്വേഷണച്ചുമതല. അഡീഷണല്‍ ഡയറക്ടര്‍ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിനെ ഇന്‍വെസ്റ്റിഗേറ്റിങ് ഓഫീസറായും നിശ്ചയിച്ചിരുന്നു.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ കേസില്‍ പ്രതിയായെന്ന വിവരം പുറത്തുവന്നത് പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടക്കുന്ന സമയത്താണ്. മുഖ്യമന്ത്രി പിണറായിക്ക് പ്രായപരിധിയില്‍ ഇളവു നല്‍കണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കവേയാണ് ഈ വാര്‍ത്ത പുറത്തുവരുന്നതും.
അടുത്ത തിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ തന്നെ ഇടതു മുന്നണിയെ നയിക്കുമെന്ന സൂചനക്കിടെയാണ് ഇത്തരമൊരു വിവാദ വാര്‍ത്തയും എത്തുന്നത്.