മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോര്‍ത്താന്‍ തട്ടിക്കൊണ്ടു വന്ന് കൊലപ്പെടുത്തി; വെട്ടിനുറുക്കാന്‍ ഉപയോഗിച്ച പുളിമര പലകയുടെ കുറ്റി വരെ കേസിലെ തൊണ്ടിമുതല്‍; പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫ് വധക്കേസില്‍ വ്യാഴാഴ്ച വിധി; മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെതിരെ നിരവധി കൊലപാതക കേസുകള്‍
പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫ് വധക്കേസില്‍ വ്യാഴാഴ്ച വിധി
മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയും. മഞ്ചേരി ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. തുഷാര്‍ മുമ്പാകെയാണ് കേസ് പരിഗണിക്കുക.
2019 ആഗസ്റ്റ് ഒന്നിന് മൂലക്കുരു ചികിത്സയുടെ രഹസ്യം ചോര്‍ത്താന്‍ ഷാബാ ശരീഫിനെ മൈസൂരുവിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്റെ വീട്ടില്‍ താമസിപ്പിച്ചെന്നും 2020 ഒക്ടോബര്‍ എട്ടിന് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാക്കില്‍ക്കെട്ടി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് കേസ്. ഷാബാ ഷെരീഫിന്റെ ഭാര്യ, മക്കള്‍, പേരക്കുട്ടി, സഹോദരന്‍ എന്നിവരുള്‍പ്പടെ കേസില്‍ 80 സാക്ഷികളെ വിസ്തരിച്ചു.
അന്വേഷണത്തില്‍ നിലമ്പൂരില്‍ പരമ്പര്യവൈദ്യനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം വെട്ടി നുറുക്കാന്‍ ഉപയോഗിച്ച പുളിമരപ്പലകയുടെ കുറ്റി കണ്ടെത്തിയിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നിലമ്പൂര്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയിരുന്നത്. നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം രാധാകൃഷ്ണന്‍ നായര്‍ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമത്തിന്റെ കുറ്റിയാണ് പോലീസ് കണ്ടെത്തിയത്. ഈ പുളിമരം, മര വ്യാപാരിയായ പറമ്പാടന്‍ ഉമ്മറിനാണ് രാധാകൃഷ്ണന്‍ വിറ്റത്.
ഇയാളില്‍ നിന്നാണ് ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി നുറുക്കിയ നൗഷാദ് ഒന്നര മീറ്റര്‍ നിളമുള്ള മരക്കഷ്ണം വാങ്ങിയത്. കൊലപാതകത്തിനു തൊട്ടടുത്ത ദിവസമാണ് മരക്കഷ്ണം വാങ്ങിയത്. വെട്ടി നുറുക്കാന്‍ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷ്ണം തെരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞിരുന്നത്. പോലീസ് കണ്ടെത്തിയ പുളിമര കുറ്റിയില്‍ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്നു പ്രതി സമ്മതിച്ചു. നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പോലീസില്‍ മൊഴി നല്‍കി.
മൂലക്കുരുവിനുള്ള ഒറ്റമൂലിക പറഞ്ഞു കൊടുക്കാത്തതിലാണ് മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിനെ തട്ടികൊണ്ടുവന്നു ഒരു വര്‍ഷത്തിലേറെ തടങ്കലില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി ചാലിയാര്‍ പുഴയിലെറിഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിനെതിരെ നിരവധി കൊലപാതക പരാതികളാണ് ഉയര്‍ന്നത്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മുക്കം സ്വദേശി ഹാരിസിന്റെ ആത്മഹത്യ കൊലപാതകമാണെന്നും ഷൈബിന്‍ അഷ്റഫ് കൊലപ്പെടുത്തിയതാകാമെന്നും ആരോപിച്ച് ഹാരിസിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വയനാട് ബത്തേരി സ്വദേശിയുടെ മരണത്തിലും ഷൈബിന്റെ ബിസിനസ് പങ്കാളി ദുബായില്‍ ആത്മഹത്യ ചെയ്തതിലും ദുരൂഹതയേറുന്നുണ്ട്. റിട്ടയേര്‍ഡ് എസ്ഐ അടക്കമുള്ളവരുടെ സഹായവും ഇയാള്‍ക്കു ലഭിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട് സ്വദേശിയായ റിട്ടയേര്‍ഡ് എസ്ഐയും ഒളിവിലാണ്.
നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ ഷൈബിന്‍ അഷ്റഫ് (37), ഷൈബിന്റെ മാനേജരായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (39), നിലമ്പൂര്‍ പൂളക്കുളങ്ങര വീട്ടില്‍ ഷബീബ് റഹ്‌മാന്‍ (33), വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷെഫീഖ് (31), വൈദ്യനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന സംഘത്തിലെ ചന്തക്കുന്ന് കൂത്രാടന്‍ മുഹമ്മദ് അജ്മല്‍ (33), ഡ്രൈവര്‍ നിലമ്പൂര്‍ മുക്കട്ട നടുതൊടിക നിഷാദ് (32), നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി വീട്ടില്‍ സുനില്‍ (43), റിട്ട.എസ്.ഐ വയനാട് സുല്‍ത്താന്‍ ബത്തേരി കൊളേരി ശിവഗംഗ വീട്ടില്‍ എസ്. സുന്ദരന്‍ (63), വണ്ടൂര്‍ മുത്തശ്ശിക്കുന്ന് കാപ്പില്‍ വീട്ടില്‍ കെ. മിഥുന്‍ (30), വണ്ടൂര്‍ പുളിക്കാട്ടുപടി പാലപ്പറമ്പില്‍ കൃഷ്ണപ്രസാദ് (29), ഒന്നാം പ്രതി ഷൈബിന്റെ ഭാര്യ കൈപ്പഞ്ചേരി ഫസ്ന (31), ചന്തുക്കുന്ന് ചാരംകുളം കാപ്പുമുഖത്ത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (29) എന്നിവരാണ് കേസിലെ പ്രതികള്‍. ഒന്ന് മുതല്‍ ആറ് വരെയും ഒമ്പതാം പ്രതിയുമാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. 14, 15 പ്രതികളായ നിലമ്പൂര്‍ ഇയ്യംമടയിലെ കൈപ്പഞ്ചേരി ഫാസില്‍, നിലമ്പൂര്‍ മുക്കട്ട പഴയ പോസ്റ്റ് ഓഫിസിന് സമീപത്തെ ഷമീം എന്ന പൊരി ഷമീമിനെയും പൊലീസിന് പിടികൂടാനായില്ല. 14ാം പ്രതിയായ ഫാസില്‍ വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇവരൊഴികെ 13 പ്രതികളാണ് കേസില്‍ വിചാരണ നേരിട്ടത്.