'വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്; അവന് കാര്‍ വേണമെന്ന് പറഞ്ഞു; കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മ

മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മ

Update: 2025-07-20 06:06 GMT

കൊല്ലം: ഷാര്‍ജയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവില്‍ നിന്നും നേരിട്ടത് കൊടു ക്രൂരതകളായിരുന്നുവെന്ന് കൊല്ലം സ്വദേശിനി അതുല്യയുടെ അമ്മ. വിവാഹം കഴിച്ച നാള്‍ മുതല്‍ മകള്‍ക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് സതീഷില്‍ നിന്നും ക്രൂരപീഡനമാണ് അതുല്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാനാകാതെ വന്നപ്പോള്‍ മകളോട് ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.

വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്. അവന് ബൈക്ക് വാങ്ങാന്‍ പൈസയുമായി അവന്റെ വീട്ടില്‍പ്പോയിരുന്നു. ഇഷ്ടപ്പെട്ട ബൈക്കാണ് വാങ്ങിക്കൊടുത്തത്. അവരുടെ ബന്ധുക്കള്‍ക്കെല്ലാം അവരുടെ ഭാര്യയുടെ വീട്ടുകാര്‍ കാറ് സ്ത്രീധനമായി നല്‍കി. അവനും കാര്‍ നല്‍കണമെന്ന് പറയുന്നുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.

സതീഷ് സംശയരോഗിയായിരുന്നു. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. ബന്ധുക്കളോട് പോലും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ജോലിക്ക് പോകാനും സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവ് പുറത്ത് പോകുമ്പോള്‍ വീട് പൂട്ടിയിട്ടിട്ടാണ് പോയിരുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയാല്‍ സമാധാനമായി ജീവിക്കാന്‍ വിടില്ലെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹ മോചത്തിന് ശ്രമിച്ചെങ്കിലും രണ്ടു കൗണ്‍സിലിങിന് ശേഷം ഇരുവരും ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു.

വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം സതീഷ് വന്ന് അതുല്യയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞാണ് അതുല്യ സ്വന്തം വീട്ടിലേക് തിരിച്ച് വരാന്‍ മടിച്ചത്. മകളുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ കിട്ടണം. മകള്‍ക്ക് നീതി കിട്ടണമെന്നും അതുല്യയുടെ അമ്മ പറഞ്ഞു. സതീഷിന് കടുത്ത സംശയരോഗമായിരുന്നുവെന്നും, എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നുവെന്നും അതുല്യയുടെ സഹോദരി അഖില പറഞ്ഞു.

അതുല്യയുടെ ഭര്‍ത്താവ് സതീഷ് ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നുവെന്ന് ബന്ധു രവീന്ദ്രന്‍ പിള്ള പറഞ്ഞു. ആരും അവളെ നോക്കാനോ, അവള്‍ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. വിദേശത്ത് എത്തിയതിന് പിന്നാലെ അതുല്യക്ക് ചില സ്ഥലങ്ങളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പോകാന്‍ സതീഷ് അനുവദിച്ചിരുന്നില്ല. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത് എന്നും രവീന്ദ്രന്‍ പറഞ്ഞു. അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേ സമയം ഭര്‍ത്താവില്‍ നിന്നും അതുല്യ നേരിട്ട കൊടു ക്രൂരതകളെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. സതീഷ് മദ്യത്തിനടിമയായിരുന്നുവെന്നും മദ്യപിച്ചുകഴിഞ്ഞാല്‍ അസാധാരണമായിട്ടാണ് പെരുമാറിയിരുന്നതെന്ന് തെളിയിക്കുന്നതാണ് സുഹൃത്തിനയച്ച ശബ്ദരേഖ. ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഇനിയാവര്‍ത്തിക്കില്ലെന്ന് പറയുകയും തനിക്കാരുമില്ലെന്ന് പറഞ്ഞ് വൈകാരികമായി സംസാരിച്ച് സതീഷ് അതുല്യയെ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്.

'അയാള്‍ കള്ളുകുടി നിര്‍ത്താന്‍ പോകുന്നില്ല. നിര്‍ത്തുവായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. കുഞ്ഞിന്റെ അടുത്ത് കുറച്ച് സമയം ചെലവഴിക്കുകയോ കളിപ്പിക്കുകയോ ഒന്നും ചെയ്യില്ല. അയാള്‍ക്ക് അതൊന്നും അറിയില്ല. കുഞ്ഞുങ്ങളെ കൊഞ്ചിക്കാനോ ലാളിക്കാനോ അവരുടെ മനസില്‍ കയറിപ്പറ്റാനോ അറിയില്ല. കുഞ്ഞിന്റെ മുന്നില്‍ ഇരുന്നാ അയാള് കള്ള് കുടിക്കുന്നത്. അവള്‍ക്ക് ഇഷ്ടമല്ലാത്തതും അതുകൊണ്ടാ' സുഹൃത്തിനയച്ച ശബ്ദസന്ദേശത്തില്‍ അതുല്യ പറയുന്നു.

എനിക്ക് അവസാനമായിട്ട് ഒരു അവസരം കൂടി തരണമെന്നും എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. ഞാന്‍ ഇവിടെ കിടന്ന് ചാകത്തെയുള്ളൂവെന്ന് പറഞ്ഞ് സതീഷ് അതുല്യയെ പിടിച്ചുനിര്‍ത്തുകയായിരുന്നുവെന്നും പുറത്തുവരുന്ന ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്.

'എനിക്ക് അവസാനമായിട്ട് ഒരു അവസരം കൂടി തരണം. എനിക്കിപ്പോ ആരുമില്ല, ഒറ്റപ്പെട്ടു നില്‍ക്കുകയാണ്. ഞാന്‍ ഇവിടെ കിടന്ന് ചാകത്തെയുള്ളൂ. അങ്ങനെ ഇങ്ങനെ ഒക്കെ പറഞ്ഞു. ഞാന്‍ എതിര്‍ത്തായിരുന്നു സംസാരിച്ചത്. എനിക്ക് നിങ്ങളുടെ കൂടെ ജീവിക്കണ്ട, താല്പര്യം ഇല്ല എന്നുതന്നെയാണ് പറഞ്ഞത്. അച്ഛനും അപ്പച്ചിയും കൊച്ചച്ചനും അവരെല്ലാവരും വിളിച്ചിട്ട് പറഞ്ഞു, ഇനി അവന്‍ ഇവിടെ കിടന്ന് ചത്തു കഴിഞ്ഞാല്‍ അത് നിന്റെ തലയും കൊണ്ട് പോകും. സതീശിന്റെ സുഹൃത്ത് ഹരി വിളിച്ചിട്ട് അയാള്‍ ഇനി തെറ്റൊന്നും ചെയ്യത്തില്ല, ഒരു അവസരം കൂടി കൊടുത്തുകൂടെയെന്ന് ചോദിച്ചു. എല്ലാവരുടെ അടുത്തും ഇയാള്‍ വിളിച്ച് കാല് പിടിച്ച് സംസാരിച്ചു. അപ്പച്ചിയും കൊച്ചച്ചനും എല്ലാരും നീ ഒന്ന് ശ്രമിച്ചു നോക്ക് മാറ്റമില്ലെങ്കില്‍ നമുക്ക് വേണ്ട എന്നു പറഞ്ഞു. അമ്മ മാത്രമേ ഉള്ളായിരുന്നു എതിര്.' ശബ്ദ സന്ദേശത്തില്‍ പറയുന്നു.

Tags:    

Similar News