കരുമത്തെ ലിവിംഗ് ടുഗദറുകാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങി നേമത്തെ ലിവിംഗ് ടുഗദര്‍ മുമ്പോട്ട് കൊണ്ടു പോയി; പണത്തിന് വേണ്ടി സ്വകാര്യ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി; മനംനൊന്ത് ഷീജയുടെ ആത്മാഹുതി; സജിയുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; കൈമനത്തേത് കൊലയല്ല

Update: 2025-05-17 08:42 GMT

തിരുവനന്തപുരം: കൈമനത്ത് സ്ത്രീ പൊള്ളലേറ്റ മരിച്ച സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ്. ലിവിംഗ് ടുദര്‍ബന്ധത്തിലെ പ്രശ്‌നങ്ങളാണ് കരുമം സ്വദേശി ഷീജയുടെ മരണത്തിന് കാരണമായത്. സംഭവത്തില്‍ ഫോറന്‍സിക് സംഘം പ്രാഥമിക റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ആത്മഹത്യാപ്രേരണയ്ക്ക് സുഹൃത്ത് സജിയെ പൊലീസ് അറസ്റ്റ് ചെയ്യും. സജിയുമായുള്ള തര്‍ക്കമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജ(50)യാണ് മരിച്ചത്. സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സജി എന്നുവിളിക്കുന്ന സനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീടിനു സമീപത്തെ വാഴത്തോട്ടത്തിലാണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടുകൂടി സംഭവം നടന്നത്. വാഴത്തോട്ടത്തില്‍നിന്നു നിലവിളികേട്ടാണ് അയല്‍വാസികള്‍ ഷീജയെ ശരീരമാകെ തീപിടിച്ചനിലയില്‍ കാണുന്നത്. ആദ്യം ആളെ തിരിച്ചറിയാന്‍ കരമന പോലീസിനും നാട്ടുകാര്‍ക്കും കഴിഞ്ഞിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിനൊടുവിലാണ് മരണപ്പെട്ടത് ഷീജയാണെന്നു മനസ്സിലായത്.

ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഷീജ രാത്രി ഇവിടെ എത്താനുണ്ടായ സാഹചര്യവും അന്വേഷിക്കണം. കുറേനാളുകളായി ഷീജയെ സനോജ് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പലതവണ പണവും ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ സനോജിന്റെ ഭീഷണികാരണം ഷീജയ്ക്കു ജോലിക്കുപോകാന്‍പോലും കഴിയാത്തസ്ഥിതിയായിരുന്നു. സനോജിനെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

സനോജിന് വേറെയും ബന്ധങ്ങളുണ്ടെന്ന് ആരോപണമുണ്ട്. നേമത്തും പെണ്‍സുഹൃത്തുണ്ടത്രേ. ഷീജയില്‍ നിന്നും പണം വാങ്ങി ഇവര്‍ക്ക് കൊടുക്കുമെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അടക്കം പോലീസ് അന്വേഷണം നടത്തും. ഷീജയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി സനോജ് ബ്ലാക് മെയില്‍ ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഷീജയുടെ ചിത്രങ്ങള്‍ ഓട്ടോക്കാര്‍ക്കെല്ലാം നല്‍കിയെന്നും പറയുന്നു. ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക കാരണമെന്നാണ് വിലയിരുത്തല്‍.

ഷീജയും സനോജും തമ്മില്‍ കുറേനാള്‍ ഒരുമിച്ചു താമസിച്ചിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ പിണങ്ങുകയും സനോജ് നിരന്തരം ഷീജയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹോദരി ഷീബ പറഞ്ഞു. ഉള്ളൂരിലെ ഒരു വസ്ത്രക്കടയിലെ ജീവനക്കാരിയായ ഷീജ കഴിഞ്ഞ കുറേനാളായി സ്ഥാപനത്തിനു സമീപത്തെ ഒരു ഹോസ്റ്റലിലാണ് താമസിച്ചുവന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ െഫാറന്‍സിക് വിദഗ്ധരും പോലീസ് നായയും പരിശോധന നടത്തി. സംഭവം നടന്ന സ്ഥലം കൈമനം മാതാ അമൃതാനന്ദമയി മഠം വകയാണ്.

ഷീജ വ്യാഴാഴ്ച വൈകീട്ട് സഹോദരി ഷീബയെ വിളിച്ച് സനോജ് നിരന്തരം ശല്യംചെയ്യുന്നതായും സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറഞ്ഞിരുന്നു. ഉള്ളൂരില്‍ ഷീജ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ വിളിച്ചും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. രമാ ടെക്‌സ്റ്റൈല്‍സിലായിരുന്നു ജോലി ചെയ്തിരുന്നത്.

Tags:    

Similar News