ആദ്യം സംശയിച്ചത് ഭക്ഷ്യവിഷബാധയെന്ന്; ഷെഫാലി പ്രായം കുറയ്ക്കാനുള്ള മരുന്നുകള്‍ എട്ടുവര്‍ഷമായി കഴിച്ചിരുന്നുവെന്ന് ബന്ധുക്കള്‍; ജൂണ്‍ 27 ന് വൈകുന്നേരവും ആ മരുന്ന് കഴിച്ചു; നടിയുടെ മരണത്തിന് കാരണം ആന്റി-ഏജിംഗ് മരുന്നുകളോ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ
നടിയുടെ മരണത്തിന് കാരണം ആന്റി-ഏജിംഗ് മരുന്നുകളോ?
ന്യൂഡല്‍ഹി: നടിയും മോഡലുമായ ഷെഫാലി ജറിവാലയുടെ പൊടുന്നനെയുള്ള മരണത്തിന് കാരണം എന്താണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് നാളെ കിട്ടുമെന്നാണ് അംബോളി പൊലീസ് അറിയിപ്പ്. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം സംശയിച്ചത്. പിന്നീട് ഏതെങ്കിലും തരത്തിലുള്ള വിഷബാധ ആണോ എന്നും പരിശോധിച്ചു. ഷെഫാലിയുടെ മെഡിക്കല്‍ ചരിത്രത്തിന്റെ എല്ലാ വശങ്ങളും നോക്കുകയാണ് പൊലീസ്.
കഴിഞ്ഞ 8 വര്‍ഷമായി ഷെഫാലി കണ്ടിരുന്ന ഡോക്ടര്‍മാര്‍, അവര്‍ കുറിച്ചിരുന്ന മരുന്നുകള്‍, സ്വയം ചികിത്സയായി മരുന്നുകള്‍ കഴിച്ചോ, ഇതെല്ലാം അന്വേഷിക്കുന്നുണ്ട്. ഇതുവരെ 7 സിസി ടിവി ഫുട്ടേജുകള്‍ പരിശോധിക്കുകയും, കുടുംബാംഗങ്ങളുടേതടക്കം 14 പേരുടെ മൊഴികള്‍ എടുക്കുകയും ചെയ്തു.
ഷെഫാലിയും കുടുംബവും പതിവായി മരുന്ന് വാങ്ങിക്കുന്ന മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റിന്റെ മൊഴിയും രേഖപ്പെടുത്തി. പ്രാഥമിക വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞ രക്തസമ്മര്‍ദ്ദം, ഹൃദയസ്തംഭനം, വയറ്റിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് മരണത്തിലേക്ക് നയിച്ചത്.
പ്രായം കുറയ്ക്കാനുള്ള മരുന്ന് കഴിച്ചിരുന്നോ?
എന്‍ഡി ടിവി റിപ്പോര്‍ട്ട് പ്രകാരം ഷെഫാലി എട്ടുവര്‍ഷത്തോളം പതിവായി ആന്റി-ഏജിങ് മരുന്നുകള്‍ കഴിച്ചിരുന്നു. ജൂണ്‍ 27 ന് വീട്ടില്‍ പൂജയുണ്ടായിരുന്നത് കൊണ്ട് ഷെഫാലി വ്രതത്തിലായിരുന്നു. ഇത് കണക്കാക്കാതെ അന്നുവൈകുന്നേരവും ആന്റി-ഏജിങ് ഇഞ്ചക്ഷന്‍ എടുത്തു. ഏതാനും വര്‍ഷം മുമ്പാണ് ഒരു ഡോക്ടര്‍ ഈ മരുന്ന് കുറിച്ചു നല്‍കിയത്. അതിനുശേഷം അവര്‍ എല്ലാ മാസവും ഈ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ ഈ മരുന്നുകള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിച്ചിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
ജൂണ്‍ 27 ന് രാത്രി 10നും 11 നും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യനില മോശമാകാന്‍ തുടങ്ങിയത്. ശരീരം വിറയ്ക്കാന്‍ തുടങ്ങിയതിന് പിന്നാലെ അവര്‍ക്ക് ബോധം നഷ്ടപ്പെട്ടു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ഭര്‍ത്താവും അമ്മയും മറ്റുചില ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു.
2002 ലെ ഹിറ്റ് ഗാനമായ 'കാന്ത ലഗ'യിലെ തകര്‍പ്പന്‍ വേഷത്തിലൂടെയാണ് ഷെഫാലി താരമാകുന്നത്. പിന്നീട് അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ബോളിവുഡ് ചിത്രം 'മുജ്സെ ശാദി കരോഗി'യില്‍ അഭിനയിച്ചു. 'നാച്ച് ബാലിയേ', 'ബിഗ് ബോസ്' തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലും ഷഫാലി പ്രത്യക്ഷപ്പെട്ടു.