സംശയരോഗിയായ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കും; ഉപേക്ഷിക്കണമെന്ന് വീട്ടുകാര്‍ നിരവധി തവണ പറഞ്ഞിട്ടും ഷിംന കൂട്ടാക്കിയില്ല; മാറാട് സ്വദേശിനിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം; ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പോലീസില്‍ പരാതി നല്‍കി

സംശയരോഗിയായ ഭര്‍ത്താവ് മദ്യപിച്ചെത്തി മര്‍ദ്ദിക്കും

Update: 2025-07-27 01:33 GMT

കോഴിക്കോട്: മാറാട് സ്വദേശിയായ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. മാറാന് സ്വദേശിനിയായ ഷിംനയുടെ മരണത്തിലാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. മരിച്ച ഷിംനയെ മദ്യപിച്ചെത്തി ഭര്‍ത്താവ് പ്രശാന്ത് ഉപദ്രവിക്കാറുണ്ടെന്ന് കുടുംബം പറഞ്ഞു. ഇന്നലെ വീട്ടില്‍ വിളിച്ച് അമ്മയുമായി ഷിംന സംസാരിച്ചിരുന്നുവെന്നും അതിന് ശേഷം ഭര്‍ത്താവുമായി പ്രശ്നമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.

'പിന്നാലെയാണ് മുറിയില്‍ പോയി ആത്മഹത്യ ചെയ്തത്. മുന്‍പും ഷിംന ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ബന്ധം ഉപേക്ഷിക്കണമെന്ന് ഞങ്ങള്‍ നിരവധി തവണ പറഞ്ഞിരുന്നു. എന്നാല്‍ ഷിംന കൂട്ടാക്കിയില്ല. സംശയം കാരണമാണ് ഷിംനയെ ഉപദ്രവിക്കാറുള്ളത്', കുടുംബം ആരോപിച്ചു.

മരണത്തില്‍ ഭര്‍ത്താവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാറാട് പൊലീസില്‍ പരാതി നല്‍കിയെന്ന് യുവതിയുടെ അമ്മാവന്‍ രാജു വ്യക്തമാക്കി. നടുവട്ടം സ്വദേശിനിയാണ് ഷിംന. ഇന്നലെ രാത്രിയാണ് സംഭവം. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പല തവണ ഈ പെണ്‍കുട്ടി ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്ന് നില്‍ക്കുകയും പിന്നീട് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശേഷം തിരികെ പോവുകയും ചെയ്ത സാഹചര്യം ഉണ്ടായിരുന്നു. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News