രാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്? പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല

രാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്?

Update: 2025-09-11 03:12 GMT

പാലക്കാട്: പാലക്കാട് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുമ്പോഴും മര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് പോലീസ് വ്യക്തമക്കുന്നത്. യുവതിയുടെ വീട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

പ്രണയത്തിലായിരുന്നു മീരയും അനൂപും. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മീരയ്ക്ക് ആദ്യത്തെ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടര്‍ന്നു ഹേമാംബിക നഗര്‍ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി.

ഇന്നലെ രാവിലെ ആറോടെയാണു യുവതിയെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അനൂപും അമ്മ പങ്കജവും ചേര്‍ന്നു മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു. ഒന്‍പതിനു രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അന്നു രാത്രി പതിനൊന്നോടെ തിരിച്ച് അനൂപിനൊപ്പം ഭര്‍തൃ വീട്ടിലേക്കു പോയി. അനൂപിനോട് പിണങ്ങിയാണ് മീര സ്വന്തം വീട്ടിലേക്ക് എത്തിയത്.

എന്നാല്‍ പിണക്കം അവസാനിപ്പിച്ചായിരുന്നു അനൂപ് മടക്കിക്കൊണ്ടുപോയത്. പിന്നീട് ആ രാത്രി നടന്ന കാര്യങ്ങളില്‍ സംശയമുണ്ടെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ഇതിനു മുന്‍പ് അനൂപ് മീരയെ മര്‍ദിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കാനിരിക്കെ ആണ് അനൂപ് പിണക്കം അവസാനിപ്പിക്കാന്‍ എത്തിയത്. പിന്നീട് അനൂപിന്റെ വീട്ടില്‍ എന്താണ് നടന്നതെന്ന കാര്യത്തിലാണ് അവ്യക്തത. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

Tags:    

Similar News