പഴയ സ്വര്‍ണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ പുതിയ സ്വർണം നൽകാമെന്ന വാഗ്‌ദാനത്തിൽ വീണത് നിരവധി പേർ; നിക്ഷേപകരുടെ സ്വർണവുമായി ജൂവലറി ഉടമകൾ മുങ്ങി; പരാതിക്കാരിൽ 98 ലക്ഷം രൂപ വരെ നഷ്ടമായവരും; പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്; കണ്ണൂരിലെ 'മൈ ഗോൾഡ്' ജൂവലറിയിൽ നടന്നത് കോടികളുടെ തട്ടിപ്പ്
കണ്ണൂർ: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മട്ടന്നൂരിൽ ജൂവലറി ഉടമകൾ മുങ്ങിയതായി പരാതി കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പഴയ സ്വർണ്ണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കത്തിൽ പുതിയ സ്വർണ്ണം നൽകാമെന്നും, നിശ്ചിത തുക നിക്ഷേപിച്ചാൽ ആഴ്ചയിലും മാസത്തിലും സ്വർണ്ണാഭരണങ്ങൾ നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഇവർ ആളുകളിൽ നിന്ന് പണം തട്ടിയത്. മട്ടന്നൂർ-തലശ്ശേരി റോഡിലെ 'മൈ ഗോൾഡ്' എന്ന ജൂവലറിക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
സ്ഥാപനത്തിൻ്റെ പാർട്ണർമാരായ മുഴക്കുന്ന് സ്വദേശി തഫ്സീർ ഉൾപ്പെടെ ആറുപേർക്കെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മട്ടന്നൂർ സ്റ്റേഷനിൽ മാത്രം 56 പരാതികളാണ് ലഭിച്ചത്. ഇതിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായും, പ്രതികൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു. ഇവർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിൽ പറഞ്ഞു.
ഏതാനും ദിവസങ്ങളായി ജൂവലറി പ്രവർത്തിക്കാതെ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പ്രതികൾ ഇവിടെനിന്ന് മാറ്റിയതായി കണ്ടെത്തി. 2020-ലാണ് ഈ ജൂവലറി മട്ടന്നൂരിൽ ആരംഭിച്ചത്. ഇതുവരെ ഏകദേശം 20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായി പോലീസ് കണക്കാക്കുന്നു. മട്ടന്നൂരിലും തൃശ്ശൂരിലുമുള്ള മറ്റ് ജൂവലറികളിൽ നിന്ന് സ്വർണം വാങ്ങി പണം നൽകാതെ ഇവരെ വഞ്ചിച്ചതായും പരാതിയുണ്ട്. 98 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരും പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.