വിദേശ മലയാളിയായ യുവതിയെ കുറിച്ച് അന്വേഷണം; മേക്കപ്മാന്‍ മുര്‍ഷാദിന്റെ മൊഴി നിര്‍ണ്ണായകമാകും; ഓടിയത് മുര്‍ഷാദ് കൈമാറിയ ലഹരിവസ്തു ഒളിപ്പിക്കാനോ? പോലീസിന് വ്യക്തയൊന്നുമില്ല; ചോദ്യം ചെയ്യല്‍ തല്‍കാലം വേണ്ടെന്ന് വച്ചത് തെളിവുകളുടെ കുറവില്‍; ഷൈന്‍ രക്ഷപ്പെടുമോ?
കൊച്ചി: ലഹരിക്കേസില്‍ പ്രതിയായ നടന്‍ ഷൈന്‍ ടോം ചാക്കോയെ വീണ്ടും ചോദ്യം ചെയ്യും. നടന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് പോലീസ് വിലയിരുത്തല്‍. സിനിമാ മേഖലയിലെ മുഖ്യ ലഹരിവിതരണക്കാരില്‍ ഒരാളെന്നു കരുതുന്ന സജീറിനെ ഇനിയും കണ്ടെത്താനായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു. നിലവിലെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി ഇതിനോടകം പൊലീസ് ശേഖരിച്ച വിവരങ്ങളും വിലയിരുത്തി. ഷൈനിനെതിരെ കാര്യമായ തെളിവു ലഭിച്ചിട്ടില്ലെന്നും വൈകാതെ വീണ്ടും ചോദ്യംചെയ്യുമെന്നും കമ്മിഷണര്‍ പറഞ്ഞു. ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന രണ്ടാം പ്രതി, മേക്കപ്മാന്‍ മലപ്പുറം വളവന്നൂര്‍ കല്‍പാഞ്ചേരി വരിക്കോട്ടില്‍ അഹമ്മദ് മുര്‍ഷാദിനെയും പൊലീസ് ചോദ്യംചെയ്യും. വിദേശ മലയാളിയായ വനിതയെ ഷൈന്‍ ഈ ഹോട്ടലില്‍ കണ്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുര്‍ഷാദ് നല്‍കിയ ലഹരി ഒളിപ്പിക്കാനാണ് ഷൈന്‍ ഓടിയതെന്നും ആരോപണമുണ്ട്.
സജീറും ഹൈബ്രിഡ് കഞ്ചാവു കേസില്‍ പിടിയിലായ തസ്ലിമയുമായും ഷൈനിനുള്ള ബന്ധം തെളിയിക്കാനുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്. നടന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ കോള്‍ പരിശോധിക്കുന്നുണ്ട്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനു മുന്‍പായി ഷൈനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരില്‍ ലഹരിക്കച്ചവടക്കാരോ ഇടനിലക്കാരോ ഉണ്ടോ എന്നു കണ്ടെത്തും. സിനിമാ മേഖലയിലെ മറ്റുള്ളവര്‍ ലഹരി ഉപയോഗിക്കുന്നുവെന്നു ഷൈന്‍ പൊലീസിനു മൊഴി നല്‍കിയിട്ടില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്നും ഒരു മാസത്തിനിടെ ഇവ ഉപയോഗിച്ചെന്നും ഷൈന്‍ സമ്മതിച്ചെങ്കിലും ഇതുറപ്പിക്കണമെങ്കില്‍ പരിശോധനാഫലം ലഭിക്കണം. മുറിയിലേക്ക് വരുന്നത് ഗുണ്ടകളാണെന്നു കരുതിയാണ് ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയതെന്ന മൊഴി പോലീസ് തള്ളിയിട്ടുണ്ട്. ഗുണ്ടകളാണെന്ന് കരുതിയെങ്കില്‍ എന്തുകൊണ്ട് പോലീസിനെ അറിയിച്ചില്ലെന്നാണ് അന്വേഷക സംഘം ചോദിക്കുന്നത്.
ചിലരുടെ മൊഴികള്‍ രേഖപ്പെടുത്തിവരുകയാണ്. സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി ഇടപാടുകാരുമായുള്ള ബന്ധത്തെക്കുറിച്ച് ഒന്നും പറയാറായിട്ടില്ല. ലഹരി ഇടപാടുകാരന്‍ ഷജീറിനായി അന്വേഷണം തുടരുകയാണ്. ആവശ്യമെങ്കില്‍ ഷൈന്‍ ടോം ചാക്കോയെ വീണ്ടും വിളിപ്പിക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഷൈന്‍ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. രാസപരിശോധനാ ഫലം വന്നതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളൂവെന്നും കമ്മിഷണര്‍ പറഞ്ഞു. തനിക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മാത്രമാണുള്ളതെന്നാണ് ഷൈന്‍ പറഞ്ഞിരിക്കുന്നത്. ഈ അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ലഭിക്കാന്‍ ബാങ്ക് അധികൃതരെ പോലീസ് സമീപിച്ചിട്ടുണ്ട്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയ ദിവസം ഷൈനിന്റെ അക്കൗണ്ടില്‍ നിന്ന് 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇത് ഓണ്‍ലൈന്‍ പേയ്മെന്റായാണ് നല്‍കിയത്. ഈ വിവരങ്ങളടക്കമാണ് പരിശോധിക്കുന്നത്. പണം ലഭിച്ച നമ്പറിന്റെ ഉടമകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ മോണിറ്ററിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്‍ന്നു. വിന്‍ സി ഫിലിം ചേംബറിനുള്‍പ്പെടെ പരാതി നല്‍കിയ സാഹചര്യത്തില്‍ ഐസിസിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിറ്റി നിര്‍ദേശിച്ചു. മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ബി.ആര്‍. ജേക്കബ്, ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്, അമ്മ പ്രതിനിധികളായ ടിനി ടോം, കുക്കു പരമേശ്വരന്‍, ദേവിചന്ദന, മറ്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.