ശോഭാ സുരേന്ദ്രന്റെ വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത് രണ്ട് ബൈക്കിലെത്തിയ നാലു പേര്‍; ഒരു കാര്‍ സംശയകരമായ രീതിയില്‍ കണ്ടെന്നും നാട്ടുകാര്‍; ശോഭാ സുരേന്ദ്രന്റെ വെള്ളക്കാറിന്റെ സൂചന വച്ച് നടത്തിയ ആക്രമണമോ? അയ്യന്തോളിലെ പടക്കമേറിന് പിന്നില്‍ പോലീസിന് ഇനിയും തുമ്പൊന്നുമില്ല; ഉണ്ടായത് വലിയ വെളിച്ചത്തോടെയുള്ള ഉഗ്ര സ്‌ഫോടനമെന്ന് ശോഭാ സുരേന്ദ്രന്‍
തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതില്‍ സര്‍വ്വത്ര ദുരൂഹത. പഗല്‍ഹാം ആക്രമണത്തിന്റെ നടക്കുത്തിലാണ് കേരളവും. അതിന് പിന്നാലെയാണ് ഈ സംഭവം. എതിര്‍വശത്തെ വീടിന്റെ ഗേറ്റിനോടു ചേര്‍ന്നാണ് അജ്ഞാതര്‍ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്‌ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ 4 പേരാണു പിന്നിലെന്നു സൂചനയുണ്ട്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് അടക്കം നേതാക്കളും പ്രവര്‍ത്തകരും വിവരമറിഞ്ഞെത്തി. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ അയ്യന്തോള്‍ ഗ്രൗണ്ടിനടുത്തുള്ള വീടിനു സമീപമാണ് സംഭവം.
അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നില്‍ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. ശോഭ അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു പടക്കമെറിഞ്ഞതാണെന്നു വ്യക്തമായത്. നൂലുകെട്ടിയ നിലയിലുള്ള ഏറുപടക്കമാണെന്നു എറിഞ്ഞത്. ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറു പടക്കമായതു കൊണ്ട് തന്നെ ഭയപ്പെടുത്തുകയെന്നതാണ് ലക്ഷ്യമെന്ന് വ്യക്തം. അതിന് അപ്പുറം നാശ നഷ്ടം ഉണ്ടാക്കുകയെന്ന ലക്ഷ്യം അക്രമികള്‍ക്കില്ലെന്ന് വ്യക്തം. എന്നാല്‍ എന്തിന് എറിഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം. എസിപിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തി. ആക്രമണത്തിന്റെ പ്രകോപനം എന്തെന്നു വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പേടിപ്പിക്കലുകളില്‍ വാടിവീഴുന്നവരല്ല തങ്ങളെന്നും ഭയപ്പെടുത്താനാകില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. അതിനിടെ തൃശ്ശൂരിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പൊലീസ് തീരുമാനിച്ചു.
ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് വന്നു നോക്കി. തിരക്കുള്ള റോഡാണ്. വെളിച്ചത്തോടു കൂടി വലിയ സ്‌ഫോടനത്തോടെയാണ് പൊട്ടിത്തെറിച്ചത്. കൃത്യമായ അന്വേഷണം നടത്തണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ചെറിയകാര്യമല്ല സംഭവിച്ചത്. മറ്റൊരു പ്രശ്‌നവും ഇവിടില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി സംഘര്‍ഷവും ഇല്ല. കാര്യമില്ലാതെയുള്ള ആക്രമണത്തെ അതിന്റെ ഗൗരവത്തില്‍ കാണണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ആവശ്യം. രാത്രി 10:43 ഓടെയാണ് സ്‌ഫോടനം സംഭവിച്ചതെന്നും ഉഗ്രമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിര്‍ബന്ധമില്ലല്ലോയെന്നും അവര്‍ പറഞ്ഞു.
'10:43 ആ സമയത്ത് ഒരു പൊട്ടിത്തെറിയുണ്ടായി. ആ സമയത്ത് ഞാന്‍ അടുക്കളയിലായിരുന്നു.ഓടി പുറത്തുവരുമ്പോള്‍ മുന്നിലെ രണ്ടുവീട്ടുകാരും പുറത്തിറങ്ങി. ഈ പരിസരത്തെല്ലാം കേള്‍ക്കുന്ന രീതിയില്‍ വലിയ ശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇത് വളരെത്തിരക്കുള്ള ധാരാളം വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു വഴിയാണ്. കളക്ട്രേറ്റിന് അടുത്താണ്. അത്രയും തിരക്കുള്ള വഴിയായതിനാല്‍ പല ബൈക്കുകളും, കുറച്ച് മാറി കാറും എല്ലാം ഉണ്ടായിരുന്നെന്നാണ് അടുത്തുള്ള കുട്ടികളെല്ലാം പറഞ്ഞത്.' ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് വന്ന് ചുറ്റുമുള്ള വീട്ടുകാരോട് മൊഴിയെടുത്തു. അതിനുശേഷം എന്നെയും കണ്ട് സംസാരിച്ചെന്നും ബിജെപി ഉപാധ്യക്ഷ പറഞ്ഞു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച വീട്ടിലുള്ളവര്‍, പൊതുപ്രവര്‍ത്തനമോ മറ്റോ ഉള്ള വീട്ടുകാരല്ല, ആസൂത്രിതമായി ചെയ്തതാണ്. വീട്ടില്‍ എന്റെ കാറുണ്ടായിരുന്നില്ല. ആ വീട്ടില്‍ വെള്ള കാറുണ്ടായിരുന്നു. വെള്ളക്കാറുള്ള വീടാണെന്നാകും പിന്നിലുള്ളവര്‍ പറഞ്ഞുകൊടുത്തിട്ടുണ്ടാവുക. അങ്ങനെ മാറിയതാകാമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. സംശയകരമായ രീതിയില്‍ രാത്രി ഒരു കാര്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കി. സംഭവശേഷം പോലീസ് സ്ഥലത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരും എത്തി. ഈ കൃത്യം നിര്‍വഹിച്ച ആളുകളെ കണ്ടെത്തണം എന്നാണ് ആവശ്യം. വീട് ലക്ഷ്യമാക്കി എറിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. കാരണം വീടു മാറി എറിയുകയായിരുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ മാറി എറിയാമായിരുന്നു. ഇത് വീടിന്റെ ഗേറ്റിന് കൃത്യമായി എറിയണം എന്ന് നിര്‍ബന്ധമില്ലല്ലോ- ശോഭ പറഞ്ഞു.