ചേട്ടന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല ഞാൻ കണ്ടത്..; ഇപ്പോ..ആലോചിക്കുമ്പോ പേടിയാവുന്നു..!!; അന്ന് ബോളിവുഡിനെ തന്നെ ഒന്നടങ്കം പിടിച്ചുലച്ച മരണവാർത്ത; വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വെളിപ്പെടുത്തലുമായി സുശാന്ത് സിംഗിന്റെ സഹോദരി; ദുരൂഹത മായാതെ തുടരുമ്പോൾ
മുംബൈ: 2020 ജൂൺ 14ന് മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളുമായി അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ് കീർത്തി രംഗത്തെത്തി. സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാടുകൾ ഒരു തുണി മുറുകിയതു മൂലമുള്ള അടയാളങ്ങളല്ലെന്നും, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടാണെന്നും ശ്വേത സിങ് കീർത്തി വെളിപ്പെടുത്തി. 'അൺപ്ലഗ്ഗ്ഡ് ശുഭങ്കർ' എന്ന പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സഹോദരി ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
സുശാന്തിന്റെ മരണം അന്ന് രാജ്യത്തെ ഞെട്ടിച്ചിരുന്നു. മരണപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ, ഫാനും കട്ടിലിനുമിടയിൽ ഒരാൾക്ക് തൂങ്ങിമരിക്കാൻ പോലും ആവശ്യമായ സ്ഥലം ഉണ്ടായിരുന്നില്ലെന്നും, അങ്ങനെയൊരു സാഹചര്യം ആത്മഹത്യയ്ക്ക് അനുകൂലമായിരുന്നില്ലെന്നും ശ്വേത ചൂണ്ടിക്കാട്ടി. ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ഒരാൾ സാധാരണയായി ഒരു സ്റ്റൂൾ പോലുള്ള വസ്തു ഉപയോഗിക്കുമെന്നും, എന്നാൽ അങ്ങനെയൊരു വസ്തു സുശാന്തിന്റെ മുറിയിൽ കണ്ടെത്തിയിരുന്നില്ലെന്നും അവർ പറഞ്ഞു.
ശരീരത്തിലെ പാടുകളെക്കുറിച്ച് വിശദീകരിക്കവെ, അവ ഒരു തുണി മുറുകിയതു മൂലമുള്ളതാണെന്ന് തോന്നുന്നില്ലെന്ന് ശ്വേത വ്യക്തമാക്കി. "ഒരു തുണി പോലെയുള്ള അടയാളമല്ല ഉപയോഗിച്ച വസ്തു ഉണ്ടാക്കിയത്, മറിച്ച് അതൊരു നേർത്ത ചെയിനിന്റെ പാടുപോലെയായിരുന്നു." അവർ പറഞ്ഞു.
34-ാം വയസ്സിൽ സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. അഭിനയ ലോകത്തേക്ക് എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടേറെ ആരാധകരെ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മരണത്തിന് തൊട്ടുമുൻപുള്ള ആറുമാസങ്ങളിൽ സുശാന്ത് കടുത്ത വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മരിക്കുന്നതിന് എട്ട് മാസം മുൻപാണ് അദ്ദേഹം ബാന്ദ്രയിലെ ഫ്ലാറ്റിൽ താമസം ആരംഭിച്ചത്.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ഒരാഴ്ച മുൻപ് അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സലൈൻ്റെ മരണവും ഏറെ ദുരൂഹതകൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നാലെയാണ് സുശാന്തിൻ്റെ മരണവാർത്തയും പുറത്തുവന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗവും സിനിമാ മേഖലയിലെ സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങൾ സുശാന്തിന്റെ മരണത്തെ തുടർന്ന് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സുശാന്തിന്റെ കുടുംബം നീതി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയിരുന്നു. സഹോദരിയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ സുശാന്തിൻ്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് പുതിയ വഴിത്തിരിവ് നൽകുമോ എന്ന് ഉറ്റുനോക്കുകയാണ് ഏവരും.
