ജോലിക്കായി കാനഡയിലേക്ക് കുടിയേറണം; വീട്ടുകാർ അനുവദിച്ചില്ല; വാക്ക് തർക്കത്തിൽ മകൻ അമ്മയെ കുത്തിക്കൊന്നു; മയക്കുമരുന്നിന് അടിമയായ 31കാരൻ അറസ്റ്റിൽ
ന്യൂഡൽഹി: ജോലിക്കായി വിദേശത്തേക്ക് പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് അമ്മയെ മകൻ കുത്തിക്കൊന്ന കേസിൽ മകൻ അറസ്റ്റിൽ. ഡൽഹിയിലെ ബദർപൂർ മേഖലയിലെ മൊലർബന്ദിലാണ് സംഭവം. കേസിൽ 31കാരനായ കൃഷ്ണകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കാനഡയിലേക്ക് കുടിയേറാൻ കുറച്ച് കാലങ്ങളായി ഇയാൾ ആഗ്രഹിച്ചിരുന്നു. എന്നാൽ വീട്ടുകാർ ഇതിനനുവദിച്ചിരുന്നില്ല. ഗീത (50) ആണ് മകന്റെ ക്രൂരതയിൽ കൊല്ലപ്പെട്ടത്.
നവംബർ 6 നാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കൊലപാതകം നടന്ന ദിവസം അമ്മയുമായി കൃഷ്ണകാന്ത് വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. വിദേശത്തേക്ക് പോകുന്നതുമായ ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. സംഭവ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. കൃത്യം നടക്കുന്ന സമയം പിതാവ് സുർജീത് സിങ് പുറത്ത് പോയിരിക്കുകയായിരുന്നു. അമ്മയുമായുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അമ്മയെ കത്തി കൊണ്ട് പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ശേഷം ഇയാൾ പിതാവായ സുർജീത് സിംഗിനെ ഫോണിൽ വിളിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ നടന്ന സംഭവങ്ങളെ കുറിച്ച് പിതാവിന് അറിയില്ലായിരുന്നു. പിതാവ് വീട്ടിലെത്തിയപ്പോൾ പ്രതി മാപ്പ് പറയുകയായിരുന്നു. എന്നാൽ എന്തിനാണ് മകൻ തന്നോട് മാപ്പ് പറയുന്നതെന്ന് പോലും പിതാവിന് അപ്പോൾ മനസ്സിലായിരുന്നില്ല. ശേഷം മുകളിലെ നിലയിൽ പോയി നോക്കാൻ കൃഷ്ണകാന്ത് പിതാവിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന്, മുകളിലെ നിലയിലെത്തിയ പിതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാര്യയെയാണ് കാണാനിടയായത്. ഈ സമയം കൃഷ്ണകാന്ത് സ്ഥലം വിട്ടു. നിരവധി തവണ കുത്തേറ്റ നിലയിലായിരുന്നു പിതാവ് ഗീതയെ കണ്ടത്. രണ്ട് ആൺ മക്കളായിരുന്നു ദമ്പതികൾക്ക്. പ്രതിയായ കൃഷ്ണകാന്തിന്റെ സഹോദരന് ബാങ്കിലാണ് ജോലി. തൊഴിൽരഹിതനും മയക്കുമരുന്നിന് അടിമയുമാണ് യുവാവ്. താൻ കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു, എന്നാൽ കുടുംബം സമ്മതിച്ചില്ല.
സുർജീത് സിംഗ് ഉടൻ തന്നെ ഗീതയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്തമാക്കി. പുറത്ത് പോകാനുള്ള ആഗ്രഹം പറഞ്ഞിട്ടും തന്നോട് ആദ്യം വിവാഹം കഴിക്കാനാണ് വീട്ടുകാർ ആവശ്യപ്പെട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.