ഭക്ഷണവുമായി എത്തിയ പിതാവിനെ കറിക്കത്തികൊണ്ട് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; സംഭവത്തില്‍ മകന്‍ അറസ്റ്റില്‍; കുത്താനുള്ള കാരണം വ്യക്തമല്ല; സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു

Update: 2025-08-21 02:08 GMT

തൃപ്പൂണിത്തുറ: ഭക്ഷണവുമായി എത്തിയ പിതാവിനെ കറിക്കത്തികൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മകന്‍ പോലീസ് പിടിയില്‍. പള്ളിപ്പറമ്പുകാവ് എംകെകെ നായര്‍ നഗര്‍ സ്വദേശിയായ ഡിക്സണ്‍ ആന്റണി (51) യെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്പറമ്പുകാവ് പ്രിയാനഗര്‍ കിഴവന വീട്ടില്‍ ആന്റണി (86) ക്കാണ് പരിക്കേറ്റത്.

പ്രതിദിനവും മകന്റെ വീട്ടിലേക്ക് ഭക്ഷണം കൊണ്ടുപോകാറുണ്ടായിരുന്ന ആന്റണിയെ ബുധനാഴ്ച രാവിലെ 9.10ഓടെ എത്തിയപ്പോഴാണ് കറിക്കത്തികൊണ്ട് ആക്രമിച്ചത്. പല തവണ കുത്തുകയായിരുന്നു. ആന്റണിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ കത്തിയുമായി നിന്നിരുന്ന ഡിക്സണ്‍ അടുത്തേക്ക് വരാന്‍ മടിച്ചു. വിവരം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സുമായി രക്ഷാപ്രവര്‍ത്തകര്‍ എത്തി. അപ്പോള്‍ ഡ്രൈവറെയും പ്രതി ആക്രമിക്കാന്‍ ശ്രമിച്ചതായി പോലീസ് അറിയിച്ചു.

രക്തസ്രാവത്തില്‍ കിടന്ന ആന്റണിയെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപേക്ഷകള്‍ തയ്യാറാക്കി നല്‍കുന്ന ജോലിയാണ് ആന്റണി തൃപ്പൂണിത്തുറ മിനി സിവില്‍സ്റ്റേഷനില്‍ ചെയ്തുവരുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News