ഏതു ശത്രുദോഷവും മാറ്റും; 'ദിവ്യദൃഷ്ടി'യില്‍ കണ്ടെത്തുന്നത് വീട്ടുപറമ്പില്‍ കുഴിച്ചിട്ട ഏലസുകളും, നാഗരൂപങ്ങളും; സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തായത് അപൂർവ സിദ്ധി; പ്രവാസികളിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ

Update: 2024-10-10 08:16 GMT

തൃശ്ശൂർ: പ്രവാസി ബിസിനസുകാരെ മന്ത്രവാദി ചമഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ വ്യാജ മന്ത്രവാദി അറസ്റ്റിൽ. ചേര്‍പ്പ് കോടന്നൂര്‍ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി (51) ആണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ പരാതിയിൽ നടന്ന പോലീസ് അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പരാതിക്കാരനായ പ്രവാസിയിൽ നിന്നുമാത്രം മൂന്നര ലക്ഷത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്.

രോഗബാധിതരെ കേന്ദ്രീകരിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ഇവരുമായി അടുപ്പം സ്ഥാപിച്ച ശേഷം തട്ടിപ്പു നടത്തുകയാണ് ഇയാളുടെ രീതി. വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്ന ഇയാള്‍ പിന്നീട് ഉടമകള്‍ അറിയാതെ അവരുടെ വീട്ടുപറമ്പില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ കുഴിച്ചിടും.

പിന്നീട് 'ദിവ്യദൃഷ്ടി'യില്‍ കണ്ടെന്ന വ്യാജേന പ്രതി തന്നെ ഇവ കണ്ടെത്തിയ ശേഷം ശത്രുക്കള്‍ കുഴിച്ചിട്ടതാണെന്നു പറഞ്ഞു വിശ്വസിപ്പിക്കും. തുടർന്ന് ഏലസുകളും തകിടുകളും നശിപ്പിക്കുന്നതിന് പ്രത്യേക പ്രാർഥനകൾ വേണമെന്നു പറഞ്ഞ് ബൈബിൾ വചനങ്ങൾ വായിച്ച് കൊന്തയും കുന്തിരിക്കവും വെഞ്ചിരിച്ച വെള്ളവും ഒരുക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ഈ രീതിയിൽ ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയില്‍നിന്ന് മാത്രം 3 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ അപ്പോഴും തട്ടിപ്പ് മനസ്സിലാക്കാതിരുന്ന പ്രവാസി തന്റെ സുഹൃത്തിന്റെ വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഇയാളെ ക്ഷണിച്ചതോടെയാണ് കള്ളത്തരം പുറത്താവുന്നത്.

പ്രവാസിയുടെ സുഹൃത്തിന്റെ വീട്ടിലും ദോഷത്തകിടുകളും ഏലസുകളും ഉണ്ടെന്നു പറഞ്ഞ് സുഹൃത്തിന്റെ വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്ത് ആറോളം ഏലസുകള്‍ പുറത്തെടുത്തു. എന്നാല്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോലാണ് തട്ടിപ്പ് പുറത്താവുന്നത്. പ്രതി പോയശേഷമാണ് വീട്ടുകാർ ദൃശ്യങ്ങൾ പരിശോധിച്ചത്.

ദൃശ്യങ്ങളിൽ റാഫിയുടെ സഹായി പോക്കറ്റില്‍നിന്ന് ഏലസുകള്‍ എടുത്ത് കുഴിയിലിട്ടു മൂടുന്നതു വ്യകതമായതോടെയാണ് പ്രവാസിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. ശേഷം കേസെടുത്ത പോലീസ് വ്യാജ സിദ്ധനെ തന്ത്രത്തില്‍ പിടികൂടുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി തട്ടിപ്പുകൾ തുറന്ന് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം ആണ് പ്രതിയെ പിടികൂടിയത്.

പല സ്ഥലങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. കെ.ജി. സുരേഷ് പറഞ്ഞു. ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, എസ്.ഐമാരായ സി.എം. ക്ലീറ്റസ്, സുധാകരന്‍ സീനിയര്‍ സി.പി.ഒമാരായ എന്‍.എല്‍. ജെബിന്‍, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്‍, രാഹുല്‍ അമ്പാടന്‍, സോണി സേവ്യര്‍, സൈബര്‍ സെല്‍ സി.പി.ഒ. സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News